കറാച്ചി: പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ക്രിക്കറ്റ് കളിക്കാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങള്‍ മഴയില്‍ ഒലിച്ചുപോയി. പാക്കിസ്ഥാന്‍-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു.

കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഒരു മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ പൂര്‍ണമായും ഉപേക്ഷിക്കുന്നത് സ്റ്റേഡിയത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. മൂമ്പ് മൂന്ന് തവണ മത്സരം പൂര്‍ത്തിയാക്കാനാവാതെ വന്നിട്ടുണ്ടെങ്കിലും ഭാഗികമായി മത്സരം നടന്നിരുന്നു. ഒരുതവണ മത്സരം പൂര്‍ണമായും ഉപേക്ഷിച്ചതാകട്ടെ ആരാധകരുടെ കലാപം മൂലവും.

10 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഒരു പ്രമുഖ ടീം പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്നത്. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബസിനു നേരെ നടന്ന ഭീകരാക്രമണത്തിനുശേഷം പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയാറായിട്ടല്ല. ശ്രീലങ്കന്‍ ടീമിലെതന്നെ 10 പ്രമുഖ താരങ്ങള്‍ സുരക്ഷാ കാരണങ്ങളുടെ പേരില്‍ നിലവിലെ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമടങ്ങുന്നതാണ് പരമ്പര. മൂന്ന് ഏകദിനങ്ങളും കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.