ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയെ നേരിടും. ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ബംഗ്ലാദേശിനോട് തോറ്റ ശ്രീലങ്കയ്ക്കും ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. 

അബുദാബി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ ഇന്ന് ശ്രീലങ്കയെ നേരിടും. ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ബംഗ്ലാദേശിനോട് തോറ്റ ശ്രീലങ്കയ്ക്കും നിലനില്‍പിന്റെ പോരാട്ടമാണിത്. ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമിനും ജയം അനിവാര്യം. ഇന്ന് തോല്‍ക്കുന്നവര്‍ പുറത്താവും. അബുദാബായില്‍ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. അബുദാബിയില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ ശ്രീലങ്ക ജയിച്ചിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് നാല് വിക്കറ്റിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ആറ് വിക്കറ്റിനും പരാജയപ്പെട്ടു.

ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ 

പാകിസ്ഥാന്‍: സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

ശ്രീലങ്ക: പതും നിസ്സാങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കമില്‍ മിഷാര, കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), ദസുന്‍ ഷനക, കമിന്ദു മെന്‍ഡിസ്, വാനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, ദുഷ്മന്ത ചമീര, നുവാന്‍ തുഷാര.

ടൂര്‍ണമെന്റിലെ തുല്യശക്തികളാണ് ഇരു ടീമുകളും. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ബംഗ്ലദേശിനോടു തോല്‍ക്കേണ്ടിവന്നു ലങ്കയ്ക്ക്. ഓപ്പണര്‍മാര്‍ നല്‍കുന്ന തുടക്കമാണ് ലങ്കയുടെ കരുത്ത്. ഇവരില്‍ ഒരാള്‍ തുടക്കത്തിലേ പുറത്തായാല്‍ മധ്യനിരയില്‍ ഇന്നിങ്‌സ് താങ്ങിനിര്‍ത്താന്‍ സാധിക്കുന്ന ഒരു താരം അവര്‍ക്കില്ല. ബംഗ്ലദേശിനെതിരായ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ദസുന്‍ ശനകയുടെ ഒറ്റയാള്‍ പോരാട്ടമാണ് അവരെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

മറുവശത്ത് ഇന്ത്യയോടു തോറ്റെങ്കിലും ബാറ്റിങ്ങിലും ബോളിങ്ങിലും പ്രകടനം മെച്ചപ്പെടുത്തിയതിന്റെ ആശ്വാസം പാക്കിസ്ഥാനുണ്ട്. എങ്കിലും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കാന്‍ ഈ പ്രകടനം പോരെന്ന തിരിച്ചറിവുമായാണ് ലങ്കയ്‌ക്കെതിരായ മത്സരത്തിന് സല്‍മാന്‍ ആഗയും സംഘവും ഇറങ്ങുക.

YouTube video player