ക്യാച്ചിനായി ഇന്ത്യ അപ്പീല്‍ ചെയ്തതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം ടിവി അമ്പയറുടെ പരിശോധനക്ക് വിട്ടു. റീപ്ലേകള്‍ പരിശോധിച്ച ടിവി അമ്പയര്‍ രുചിര പള്ളിയാഗുരുകെ അത് ഔട്ടാണെന്ന് വിധിക്കുകയായിരുന്നു.

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് ഓപ്പണര്‍ ഫഖര്‍ സമനെ പുറത്താക്കാനായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍ എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം. ഹാര്‍ദ്ദിക്കിന്‍റെ സ്ലോ ബോളില്‍ ഫഖറിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സഞ്ജു കൈയിലൊതുക്കിയശേഷം ക്യാച്ചിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. സഞ്ജുവിന്‍റെ ഗ്ലൗസിലെത്തും മുമ്പ് പന്ത് നിലത്തുകുത്തിയോ എന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ സംശയം പ്രകടിപ്പിച്ചെങ്കിലും ക്ലീന്‍ ക്യാച്ചാണെന്ന് സഞ്ജു ഉറപ്പിച്ചു പറഞ്ഞു.

ക്യാച്ചിനായി ഇന്ത്യ അപ്പീല്‍ ചെയ്തതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം ടിവി അമ്പയറുടെ പരിശോധനക്ക് വിട്ടു. റീപ്ലേകള്‍ പരിശോധിച്ച ടിവി അമ്പയര്‍ രുചിര പള്ളിയാഗുരുകെ അത് ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. രണ്ട് ആംഗിളുകള്‍ പരിശോധിച്ചശേഷമാണ് ടിവി അമ്പയര്‍ സഞ്ജു എടുത്തത് ക്ലീന്‍ ക്യാച്ചാണെന്ന് വിധിച്ചത്. എന്നാല്‍ അമ്പയറുടെ തീരുമാനത്തില്‍ അപ്പോള്‍ തന്നെ ഫഖര്‍ സമന്‍ അതൃപ്തി അറിയിച്ചിരുന്നു.

Scroll to load tweet…

മത്സരശേഷം പ്രതികരിച്ചപ്പോഴാണ് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘ സഞ്ജു പന്ത് നിലത്തു കുത്തിയശേഷമാണ് ക്യാച്ച് കൈയിലൊതുക്കിയതെന്ന് പറഞ്ഞത്. അമ്പയര്‍മാര്‍ക്കും തെറ്റുപറ്റാം. പക്ഷെ എനിക്ക് തോന്നിയത് ആ പന്ത് കീപ്പറുടെ കൈയിലെത്തും മുമ്പ് നിലത്തു കുത്തിയിരുന്നു എന്നു തന്നെയാണ്. ഒരുപക്ഷെ എനിക്ക് തെറ്റുപറ്റിയതാവാം. പക്ഷെ ആ സമയത്ത് മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഫഖറിന്‍റെ വിക്കറ്റ് പോയത് ഞങ്ങള്‍ക്ക് തിരിച്ചടിയായി. പവര്‍ പ്ലേ മുഴുവന്‍ ഫഖര്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ പാകിസ്ഥാന് 190 റണ്‍സെങ്കിലും നേടാനാവുമായിരുന്നു. എന്തായാലും അത്തരം തീരുമാനങ്ങളൊക്കെ അമ്പയറുടെ കൈകളിലാണ്. അവര്‍ക്കും തെറ്റുപറ്റാം, ഒരുപക്ഷെ എനിക്കു തെറ്റിയതുമാവാം എന്നും സല്‍മാന്‍ ആഘ പറഞ്ഞു. ബുമ്രക്കെതിരെ രണ്ട് ബൗണ്ടറി നേടിയ ഫഖര്‍ സമാൻ മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് 9 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക