ലോകകപ്പിന് തൊട്ടുമ്പാണ് ട്വന്റി 20യില്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പകരം ബാബര്‍ അസം വീണ്ടും ടീമിന്റെ നായകനായെത്തുന്നത്.
ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് ആദ്യ മല്‍സരം. ഡല്ലാസ്, ഗ്രാന്‍ഡ് പ്രെയ്‌റി സ്റ്റേഡിയത്തില്‍ ആതിഥേയരായ അമേരിക്കയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. ആദ്യ മല്‍സരം ജയിച്ച അമേരിക്ക പാക്കിസ്ഥാനെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷിലാണ്. കയ്യെത്തും ദൂരെ ഒരു ലോകകിരീടം നഷ്ടമായതിന്റെ സങ്കടമെല്ലാം തീര്‍ക്കണം പാക്കിസ്ഥാന്. അതിനൊരുങ്ങിയാണ് യുഎസിലേക്കുള്ള വരവ്. പക്ഷേ, അടുത്തിടെയായി കാര്യങ്ങള്‍ അത്ര പോര ടീമിന്. ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി പരന്പര തോറ്റാണ് ടീം യുഎസിലിറങ്ങുന്നത്.
തൊട്ടുമുന്പ് അയര്‍ലന്‍ഡിനോടും ഒരു മല്‍സരം തോറ്റു. ലോകകപ്പിന് തൊട്ടുമ്പാണ് ട്വന്റി 20യില്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് പകരം ബാബര്‍ അസം വീണ്ടും ടീമിന്റെ നായകനായെത്തുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കിരീടം കൊണ്ട് പരിഹാരം കാണാമെന്ന പ്രതീകയിലാണ് ടീം. ഓപ്പണിങ്ങില്‍ ബാബര്‍ അസമവും മുഹമ്മദ് റിസ്വാനും മിന്നുന്നതാണ് ടീമിന്റെ പ്രതീക്ഷ. പക്ഷേ വമ്പനടിക്കാരുടെ ലോകകപ്പില്‍ ഇരുവരുടെയും സ്‌ട്രൈക്ക് റേറ്റില്‍ ടീമിന് ആശങ്കകളുണ്ട്.
ആദ്യ മല്‍സരത്തിനിറങ്ങും മുന്പ് ഓള്‍റൗണ്ടര്‍ ഇമാദ് വസീമിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. നേരത്തെ വിരമിക്കലില്‍ നിന്ന് ഇമാദിനെ തിരിച്ച് ടീമിലെടുത്തതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസമും സംഘവും തയാറാണ്. യുഎസിലെ അത്ര പരിചിതമല്ലാത്ത സാഹചര്യങ്ങളിലും തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. ആരെയും തോല്‍പ്പിക്കാവുന്ന കരുത്തുണ്ടെങ്കിലും ആരോടും തോക്കാമെന്നതാണ് ടീമിന്റെ ദൗര്‍ബല്യം.
ഈ പ്രവചനാതീതമായ സ്വഭാവമാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. യുഎസ് ആകട്ടെ ആദ്യ മല്‍സരത്തിലെ ജയത്തിന്റെ ആവേശത്തിലാണ്. കാനഡയെ തോല്‍പിച്ച ബാറ്റിങ് കരുത്തിലാണ് ടീമിന്റെ പ്രതീക്ഷ. പക്ഷേ ലോകോത്തര നിലവാരമുള്ള പാക് പേസര്‍മാരെ യുഎസ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം. ഇന്ത്യന്‍ ടീം പാക് ബൗളര്‍മാരുടെ പ്രകടനം ഉറ്റുനോക്കുകയാണ്. ഞായറാഴ്ച്ചയാണ് ഇന്ത്യ-പാക് മത്സരം.

