കറാച്ചി: ദീര്‍ഘകാലമായി പാക് ക്രിക്കറ്റ് ടീമിന്റെ പടിക്ക് പുറത്താണെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടവുമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മല്‍. ക്വയ്ദ് ഇ അസം ട്രോഫി ടൂര്‍ണമെന്റില്‍ നോര്‍ത്തേണ്‍ പഞ്ചാബിനെതിരെ സെന്‍ട്രല്‍ പഞ്ചാബിനായി സെഞ്ചുറി നേടിയ അക്മല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 സെഞ്ചുറികളെന്ന നേട്ടം കുറിച്ചു.

ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യയിലെ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും ലോക ക്രിക്കറ്റിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമാണ് അക്മല്‍. മത്സരത്തില്‍ 170 പന്തില്‍ 157 റണ്‍സെടുത്ത് അക്മല്‍ പുറത്തായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയില്‍ 56 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ടിന്റെ ലെസ് അമെസ് മാത്രമാണ് ഇനി കമ്രാന്‍ അക്മ‌ലിന്റെ മുന്നിലുള്ളത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 131 മത്സരങ്ങളില്‍ ഒമ്പത് സെഞ്ചുറികള്‍ മാത്രമാണ് ധോണിയുടെ പേരിലുള്ളത്.

ലോകകപ്പില്‍ പാക് ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പാക് ടീം മാനേജ്മെന്റിനെതിരെ പരസ്യ വിമര്‍ശനവുമായി അക്മല്‍ രംഗത്തെത്തിയിരുന്നു.