ലാഹോര്‍: പാക്കിസ്ഥാനില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കാനൊരുങ്ങി ശ്രീലങ്ക. സമയത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും 2020ലായിരിക്കും പര്യടനമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളുമാണ് ശ്രീലങ്ക പാക്കിസ്ഥാനില്‍ കളിക്കുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഈ രണ്ട് ടെസ്റ്റുകളും യുഎഇയിലായിക്കും നടക്കുക. 

ആറംഗ ശ്രീലങ്കന്‍ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും പര്യടനം നടക്കുക. 2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ ഭീകരാക്രമണമുണ്ടായ ശേഷം പാക്കിസ്ഥാനില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. പിന്നീട് 2015ല്‍ സിംബാബ്‌വെ പാക്കിസ്ഥാനില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി എത്തിയിരുന്നു.

2017ല്‍ ശ്രീലങ്ക, പാക്കിസ്ഥാനില്‍ കളിച്ചിരുന്നു. അന്ന് ഒരു ടി20 മത്സരമാണ് ലങ്ക കളിച്ചത്. ഭീകരാക്രമണത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ലങ്ക അന്ന് പാക്കിസ്ഥാനിലെത്തിയത്.