Asianet News MalayalamAsianet News Malayalam

ഫഖറിന്റെ കൂറ്റനടികള്‍, സെഞ്ചുറി! മഴനിയമത്തില്‍ കിവീസിനെ മറികടന്ന് പാകിസ്ഥാന്‍; സെമി സാധ്യതകള്‍ സജീവം

മഴ കനത്തതോടെ പാകിസ്ഥാനെ 21 റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഫഖര്‍ സമാന്റെ (126) ഇന്നിംഗ്‌സാണ് പാകിസ്ഥാന് തുണയായത്.

Pakistan won over New Zealand by dls method in odi world cup 2023
Author
First Published Nov 4, 2023, 7:48 PM IST

ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷ സജീവമാക്കി പാകിസ്ഥാന്‍. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമായിരുന്നു പാകിസ്താന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സാണ് നേടിയത്. രചിന്‍ രവീന്ദ്ര (108), കെയ്ന്‍ വില്യംസണ്‍ (95) എന്നിവരുടെ ഇന്നിംഗ്‌സാണ് കിവീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 25.3 ഓവറില്‍ ഒന്നിന് 200 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തി. 

മഴ കനത്തതോടെ പാകിസ്ഥാനെ 21 റണ്‍സിന് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഫഖര്‍ സമാന്റെ (126) ഇന്നിംഗ്‌സാണ് പാകിസ്ഥാന് തുണയായത്. തോറ്റെങ്കിലും കിവീസ് പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തുടരുന്നു. എട്ട് പോയിന്റാണ് ന്യൂസിലന്‍ഡിന്. പാകിസ്ഥാനും എട്ട് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പിറകിലാണ്. അഫ്ഗാനിസ്ഥാന്‍ ആറാമതായി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന് തുടത്തില്‍ തന്നെ അബ്ദുള്ള ഷെഫീഖിനെ (4) നഷ്ടമായി. സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ ആറ് റണ്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഫഖര്‍ - ബാബര്‍ അസം (63 പന്തില്‍ പുറത്താവാതെ 66) സഖ്യം മത്സരം പാകിസ്ഥാന് അനുകൂലമാക്കി. ഇരുവരും 194 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 81 പന്തുകള്‍ നേരിട്ട ഫഖര്‍ 11 സിക്‌സും ആറ് ഫോറും നേടി. ബാബറിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു.

ഭേദപ്പെട്ട തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ (38)  രവീന്ദ്ര സഖ്യം 68 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ കോണ്‍വെയെ പുറത്താക്കി ഹസന്‍ അലി പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമതെത്തിയത് പരിക്ക് മാറി തിരിച്ചെത്തിയ വില്യംസണ്‍. രവീന്ദ്രയ്ക്കൊപ്പം ചേര്‍ന്ന് മനോഹരമായി ടീമിനെ മുന്നോട്ട് നയിക്കാന്‍ നായകനായി. ഇരുവരും 180 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കിവീസ് ഇന്നിംഗ്സിന്റെ നട്ടെല്ലാം ഈ ഇന്നിംഗ്സായിരുന്നു. 

എന്നാല്‍ സെഞ്ചറിക്ക് അഞ്ച് റണ്‍സ് അകലെ വില്യംസണ്‍ വീണു. ഇഫ്തിഖര്‍ അഹമ്മദിനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ ലോംഗ് ഓഫില്‍ ഫഖര്‍ സമാന് ക്യാച്ച്. 79 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും 10 ഫോറും നേടിയിരുന്നു. അധികം വൈകാതെ രവീന്ദ്രയും മടങ്ങി. ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് രവീന്ദ്ര നേടിയത്. 94 പന്തുകള്‍ നേരിട്ട രവീന്ദ്ര ഒരു സിക്സും 15 ഫോറും കണ്ടെത്തി. 

തുടരര്‍ന്നെത്തിയവര്‍ എല്ലാവരു അവരുടേതായ സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ (18 പന്തില്‍ 29), മാര്‍ക് ചാപ്മാന്‍ (27 പന്തില്‍ 39), ഗ്ലെന്‍ ഫിലിപ് (25 പന്തില്‍ 41) സ്‌കോര്‍ 400 കടത്തി. മിച്ചല്‍ സാന്റ്നര്‍ (17 പന്തില്‍ പുറത്താവാതെ 26), ടോം ലാഥം (2) പുറത്താവാതെ നിന്നു. വസീമിന് പുറമെ ഹാസന്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദി പത്ത് ഓവറില്‍ 90 റണ്‍സ് വഴങ്ങി. ഹാരിസ് 85 റണ്‍സും വിട്ടുകൊടുത്തു.

ലോകകപ്പിന്റെ അത്ഭുതമായി രചിന്‍ രവീന്ദ്ര! സാക്ഷാല്‍ സച്ചിനേയും മറികടന്ന് അപൂര്‍വ റെക്കോര്‍ഡ്; മറ്റു നേട്ടങ്ങളും

 

Follow Us:
Download App:
  • android
  • ios