Asianet News MalayalamAsianet News Malayalam

റിസ്‌വാന്‍ നയിച്ചു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന് ജയം

രണ്ട് വിക്കറ്റ് വീതം നേടിയ ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ നിയന്ത്രിച്ച് നിര്‍ത്തിയത്. 

 

Pakistan won over South Africa in first T20
Author
Lahore, First Published Feb 11, 2021, 10:45 PM IST

ലാഹോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ പാകിസ്ഥാന് ജയം. ലാഹോറില്‍ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്റെ സെഞ്ചുറി കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ നിയന്ത്രിച്ച് നിര്‍ത്തിയത്. 

ജന്നേമന്‍ മലാന്‍ (29 പന്തില്‍ 44), റീസ ഹെന്‍ഡ്രിക്‌സ് (42 പന്തില്‍ 54) എന്നിവര്‍ മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. എന്നാല്‍ മലാന്‍ പുറത്തായതോടെ സന്ദര്‍ശകര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. ജാക്വസ് സ്‌നിമാന്‍ (2), ഡേവിഡ് മില്ലര്‍ (6), ഹെന്റിച്ച് ക്ലാസന്‍ (12), ആന്‍ഡിലെ ഫെഹ്ലുക്വായോ (14) എന്നിവര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല. ഹെന്‍ഡ്രിക്‌സും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ഡ്വെയ്ന്‍ പ്രെട്ടോറിയൂസ് (ആറ് പന്തില്‍ 15), ബോണ്‍ ഫൊര്‍ട്വിന്‍ (9 പന്തില്‍ 17) എന്നിവര്‍ നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും മൂന്ന് റണ്‍സ് വ്യത്യാസത്തില്‍ വീണു.

നേരത്തെ, ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്റെ  (64 പന്തില്‍ പുറത്താവാതെ 104) സെഞ്ചുറിയാണ് തുണയായത്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. റിസ്‌വാന്റെ ആദ്യ ടി20 സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലും താരം കന്നി സെഞ്ചുറി നേടിയിരുന്നു. 64 പന്തില്‍ ഏഴ് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിങ്‌സ്. 

ബാബര്‍ അസം (0), ഹൈദര്‍ അലി (21), ഹുസൈന്‍ താലാത് (15), ഇഫ്തിഖര്‍ അഹമ്മദ് (4), ഖുഷ്ദില്‍ ഷാ (12), ഫഹീം അഷ്‌റഫ് (4) എന്നിവരാണ് പുറത്തായ മറ്റു പാകിസ്ഥാന്‍ താരങ്ങള്‍. മുഹമ്മദ് നവാസ് (3) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലെ ഫെഹ്ലുക്വായോ രണ്ട് വിക്കറ്റ് വീഴ്ത്തി. 

ബോണ്‍ ഫോര്‍ട്വിന്‍, സിംപാല, തബ്രൈസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ നടന്ന ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ 2-0ത്തിന് തൂത്തുവാരിയിരുന്നു.

Follow Us:
Download App:
  • android
  • ios