ബ്രിസ്ബേന്‍: ഇന്ത്യക്കാരനായ ടാക്സി ഡ്രൈവറെ പാക് ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം അത്താഴത്തിന്  ക്ഷണിക്കാനുള്ള കാരണം വ്യക്തമാക്കി പാക് സ്പിന്നര്‍ യാസിര്‍ ഷാ. താരങ്ങളെ ഇന്ത്യന്‍ റസ്റ്ററന്റില്‍ എത്തിച്ചശേഷം ടാക്സി വാടക വാങ്ങാന്‍ കൂട്ടാക്കാതിരുന്ന ടാക്സി ഡ്രൈവറെ താനാണ് നിര്‍ബന്ധിച്ച് അത്താഴത്തിന് ക്ഷണിച്ചതെന്ന് പാക് സ്പിന്നറായ യാസിര്‍ ഷാ പറഞ്ഞു.

ബ്രിസ്ബേനിലെ ഇന്ത്യന്‍, പാക്കിസ്ഥാന്‍ റസ്റ്ററന്റുകളെക്കുറിച്ച് അറിഞ്ഞപ്പോഴാണ് താമസിക്കുന്ന ഹോട്ടലിന് പുറത്തുപോയി ഭക്ഷണം കഴിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. സഹതാരങ്ങളായ ഇമ്രാന്‍ ഖാന്‍, നസീം ഷാ, മൊഹമ്മദ് മൂസ, ഷഹീന്‍ അഫ്രീദി എന്നിവരായിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. സിഖുകാരനായിരുന്നു ഡ്രൈവര്‍. ടാക്സിയില്‍ കയറിശേഷം നല്ലൊരു റസ്റ്ററന്റില്‍ എത്തിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. കാറില്‍വെച്ചുതന്നെ ഞങ്ങളെ തിരിച്ചറിഞ്ഞ അദ്ദേഹം ‍ഞങ്ങളുമായി ഉര്‍ദുവില്‍ സംസാരിക്കാന്‍ തുടങ്ങി.

ക്രിക്കറ്റിനെക്കുറിച്ചായിരുന്നു സംസാരം മുഴുവന്‍.റസ്റ്ററന്റില്‍ ഇറക്കിയശേഷം ഞങ്ങളോട് ടാക്സി വാടക വാങ്ങാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. തുടര്‍ന്ന് ഞാനാണ് പറഞ്ഞത് ടാക്സി വാടക വാങ്ങിയില്ലെങ്കില്‍ ഞങ്ങളുടെ കൂടെ വന്നിരുന്ന് അത്താഴം കഴിക്കണമെന്ന്. അത് അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. അത്താഴത്തിനുശേഷം ഞങ്ങളുടെ കൂടെ ഇരുന്ന് ഫോട്ടോയും എടുത്താണ് അദ്ദേഹം പോയത്-യാസിര്‍ ഷാ പറഞ്ഞു.

പാക് താരങ്ങള്‍ക്കൊപ്പം അത്താഴം കഴിച്ച ഇന്ത്യന്‍ ഡ്രൈവറെക്കുറിച്ച് മത്സരത്തിനിടെ എബിസി റോഡിയോ അവതാരകയായ അലിസണ്‍ മിച്ചലാണ് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണോട് ഇക്കാര്യം വെളിപ്പെടുത്തിയത്.അലിസണ്‍ മിച്ചലിനെ മത്സരം നടക്കുന്ന ഗാബ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നതും ഇന്ത്യക്കാരനായ ഇതേ ടാക്സി ഡ്രൈവറായിരുന്നു. യാത്രക്കിടെയാണ് പാക് താരങ്ങള്‍ക്കൊപ്പം അത്താഴം കഴിച്ച കാര്യം ഡ്രൈവര്‍ തന്നോട് പറയുകയായിരുന്നുവെന്ന് അലിസണ്‍ മിച്ചല്‍ ജോണ്‍സണോട് പറഞ്ഞു.