പിതാവിനെയും പലാഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റുകളും സ്മൃതി മന്ദാന ഡീലിറ്റ് ചെയ്തിരുന്നു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവെച്ചതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പലാഷിന്‍റെ സഹോദരി പലാക് മുച്ചല്‍. സ്മൃതി മന്ദാനയുടെ പിതാവിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിവാഹം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചതെന്നും ഈ പ്രതിസന്ധി സമയത്ത് എല്ലാവരും ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും പലാക് മുച്ചല്‍ സമൂഹമാധ്യമ പോസ്റ്റില്‍ വ്യക്തമാക്കി.

ഇന്നലെയായിരുന്നു സ്മൃതിയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹദിനം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയെ ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്രീനിവാസിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസിന് ഹൃദയാഘാതമുണ്ടായെന്ന് സ്ഥിരീകരിച്ചിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ശ്രീനിവാസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. 

പിതാവിനെയും പലാഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റുകളും സ്മൃതി മന്ദാന ഡീലിറ്റ് ചെയ്തിരുന്നു. വിവാഹവുമായും വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്മൃതി ഡീലിറ്റ് ചെയ്തത്. പലാഷ് മുച്ചല്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് പ്രപ്പോസ് ചെയ്യുന്ന വീ‍ഡിയോയും സ്മൃതി ഡീലിറ്റ് ചെയ്തിരുന്നു. സ്മൃതിക്ക് പുറമെ ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍, പലാഷ് മുച്ചലിന്‍റെ സമൂഹമാധ്യമങ്ങളില്‍ ഇവയെല്ലാം ഇപ്പോഴും ലഭ്യമാണ്. വനിതാ ഏകദിന ലോകകപ്പില്‍ കിരീടം നേടിയശേഷം വിവാഹത്തിന്‍റെ ഒരുക്കങ്ങളിലേക്ക് കടന്ന സ്മൃതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക