ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ചരിത്രനേട്ടമാണ് ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഇതിന് മുമ്പ് രണ്ട് ടീമുകള്‍ മാത്രമാണ് രണ്ടോ അതില്‍ കൂടുതലോ ഉള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടുള്ളത്.

ഗുവാഹത്തി: കൊല്‍ക്കത്ത ടെസ്റ്റിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ഗുവാഹത്തി ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുകയാണ് ഇന്ത്യ. 288 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്. നാലാം ദിനം 500ന് അടുത്ത് വിജയലക്ഷ്യം നല്‍കി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയാവും ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യ. 10 വിക്കറ്റും രണ്ട് ദിവസവും കൈയിലിരിക്കെ ദക്ഷിണാഫ്രിക്കക്കിപ്പോള്‍ 314 റണ്‍സിന്‍റെ ലീഡുണ്ട്. ടെസ്റ്റ് സമനിലയായാല്‍ പോലും ആദ്യ ടെസ്റ്റ് ജയിച്ച ദക്ഷിണാഫ്രിക്കക്ക് 1-0ന് പരമ്പര സ്വന്തമാക്കാം.എന്നാല്‍ വിജയപ്രതീക്ഷ ഏതാണ്ട് കൈവിട്ട ഇന്ത്യക്കാകട്ടെ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഈ മത്സരത്തില്‍ സമനില പോലും വിദൂര സാധ്യതയാണ്.

ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ചരിത്രനേട്ടമാണ് ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഇതിന് മുമ്പ് രണ്ട് ടീമുകള്‍ മാത്രമാണ് രണ്ടോ അതില്‍ കൂടുതലോ ഉള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടുള്ളത്. ഗൗതം ഗംഭീര്‍ പരിശീലകനായിരിക്കെ കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോടായിരുന്നു ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയത്. മൂന്ന് മത്സര പരമ്പരയില്‍ 0-3നാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.

അതിന് മുമ്പ് 1998ല്‍ ദക്ഷണാഫ്രിക്ക ആയിരുന്നു ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയ മറ്റൊരു ടീം. ഹാന്‍സ് ക്രോണ്യയുടെ നേതൃത്വത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയോട് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 0-2നായിരുന്നു തോറ്റത്. ഇപ്പോള്‍ ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഒരേയൊരു ടീമെന്ന നേട്ടം ദക്ഷിണാഫ്രിക്കക്ക് സ്വന്തമാവും.

അതസമയം, രണ്ടാം ടെസ്റ്റ് തോറ്റ് സമ്പൂര്‍ണ തോല്‍വി വഴങ്ങിയാല്‍ ഇന്ത്യയില്‍ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്ന ആദ്യ പരിശീലകനെന്ന നാണക്കേട് ഗൗതം ഗംഭീറിന്‍റെ തലയിലാവും. വിരാട് കോലി യുഗത്തിന് മുമ്പ് വിദേശത്ത് പരമ്പരകള്‍ ജയിക്കുന്നത് അപൂര്‍വമാണെങ്കില്‍ പോലും ഇന്ത്യ നാട്ടില്‍ നടക്കുന്ന പരമ്പരകളില്‍ തോല്‍വി വഴങ്ങാറില്ലായിരുന്നു. ആ പതിവ് കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് തെറ്റിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയെ 0-3നായിരുന്നു ന്യൂസിലന്‍ഡ് തൂത്തുവാരിയത്. അത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സ്വപ്നങ്ങളെയും തകിടം മറിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക