മുംബൈ: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്നു താരങ്ങള്‍. തോളിനേറ്റ പരിക്ക് കാരണം ന്യൂസിലന്‍ഡ് പര്യടനം നഷ്ടമായി ശിഖര്‍ ധവാനും ടീമിലെത്തിയിട്ടുണ്ട്. അതേസമയം പരിക്ക് പൂര്‍ണമായും മാറിയിട്ടില്ലാത്ത രോഹിത് ശര്‍മ ടീമിലില്ല. മുഹമ്മദ് ഷമി, ഷാര്‍ദുല്‍ ഠാകൂര്‍, ശിവം ദുബെ, കേദാര്‍ ജാദവ് എന്നിവര്‍ക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോലി, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര, നവ്ദീപ് സൈനി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിലാണ് ഹാര്‍ദിക് ഇന്ത്യക്കായി അവസാനം കളിച്ചത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിരിച്ചെത്തുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ബിസിസിഐ വിശ്രമം നീട്ടുകയായിരുന്നു. മുംബൈയില്‍ നടന്ന ഡി വൈ പാട്ടില്‍ ടി20 ടൂര്‍ണമെന്റില്‍ മികച്ച ഫോമിലായിരുന്നു താരം. ധവാന്‍, ഭുവനേശ്വര്‍ എന്നിവരും ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു.

ന്യൂസിലന്‍ഡിനെതിരെ ഏകദിനത്തില്‍ ഓപ്പണറായിരുന്നു മായങ്ക് അഗര്‍വാളിന് സ്ഥാനം നഷ്ടമായി. രോഹിത്തിന്റെ അഭാവത്തില്‍ പൃഥ്വി ഷാ ധവാനൊപ്പം ഓപ്പണ്‍ ചെയ്യും. ബാക്ക്അപ്പ് ഓപ്പണറായി ശുഭ്മാന്‍ ഗില്ലും ടീമിലെത്തി. രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിനൊപ്പമുണ്ട്. മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പര  മാര്‍ച്ച് 12ന് ധര്‍മശാലയില്‍ നടക്കും.