യോഗ്യതാ മത്സരത്തില്‍ ഫിലിപ്പീൻസിനെതിരെ 100 റണ്‍സിന്‍റെ ജയം നേടിയാണ് പാപുവ ന്യൂ ഗിനിയ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്

അമിനി പാര്‍ക്ക്: 2024ലെ ഐസിസി പുരുഷ ട്വന്‍റി 20 ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ച് ദ്വീപ് രാഷ്‌ട്രമായ പാപുവ ന്യൂ ഗിനിയ. ലോകകപ്പിന് യോഗ്യത നേടുന്ന പതിനഞ്ചാമത്തെ ടീമും ഈസ്റ്റ് ഏഷ്യാ- പസഫിക് യോഗ്യതാ റൗണ്ടില്‍ നിന്ന് ക്വാളിഫൈ ചെയ്‌ത ആദ്യ ടീമുമാണ് പാപുവ ന്യൂ ഗിനിയ. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് 2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് നടക്കുന്നത്. യോഗ്യതാ നേട്ടത്തില്‍ പാപുവ ന്യൂ ഗിനിയയെ ഐസിസി അഭിനന്ദിച്ചു.

അമിനി പാര്‍ക്കില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ ഫിലിപ്പീൻസിനെതിരെ 100 റണ്‍സിന്‍റെ ജയം നേടിയാണ് പാപുവ ന്യൂ ഗിനിയ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ കണ്ടെത്തി. ടോണി യുറ(61), നായകന്‍ അസ്സാദ് വാല(59), ചാള്‍സ് അമിനി(53), ലെഗാ സൈക(26), ഹിരി ഹിരി(4 പന്തില്‍ 20*) എന്നിവരുടെ ബാറ്റിംഗാണ് ടീമിന് കരുത്തായത്. മറുപടി ബാറ്റിംഗില്‍ ഫിലിപ്പീൻസ് കഷ്‌ടപ്പെട്ടാണ് വന്‍ നാണക്കേട് ഒഴിവാക്കിയത്. മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 129 റണ്‍സേ ഫിലിപ്പീൻസ് കണ്ടെത്തിയുള്ളൂ. ക്യാപ്റ്റന്‍ ഡാനിയേല്‍ സ്‌മിത്ത്(34), ഹുസൈഫ മുഹമ്മദ്(23), അര്‍ഷ്‌ദീപ് സാമ്ര(22), ജോസെഫ് ഡോക്‌ടോറ(15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. പാപുവ ന്യൂ ഗിനിയക്കായി കബ്വ മോറിയ രണ്ടും ജോണ്‍ കാരിക്കോയും ഹിരി ഹിരിയും ഓരോ വിക്കറ്റും നേടി.

കളിച്ച അഞ്ച് മത്സരങ്ങളിലും തോല്‍വി അറിയാതെയാണ് പാപുവ ന്യൂ ഗിനിയ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടില്‍ ജപ്പാനെതിരായ മത്സരം അവശേഷിക്കെ തന്നെ ലോകകപ്പ് യോഗ്യത ടീം നേടുകയായിരുന്നു. ഇതോടെ ജപ്പാനെതിരായ അവസാന ഗ്രൂപ്പ് മത്സരം അപ്രസക്തമായി. 20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റാണ് 2024ലേത് എന്നതിനാല്‍ അഞ്ച് ടീമുകള്‍ക്ക് കൂടി ലോകകപ്പിന് യോഗ്യത നേടാം. അമേരിക്ക, ഏഷ്യാ, ആഫ്രിക്ക മേഖലകളില്‍ നിന്നുള്ള ടീമുകളാണ് ഇനി യോഗ്യത നേടേണ്ടത്. അമേരിക്കന്‍ മേഖലയില്‍ നിന്ന് ഒരു ടീമും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് രണ്ട് ടീം വീതവുമാണ് അവശേഷിക്കുന്ന അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിക്കുക.

Read more: സഞ്ജു സാംസണ്‍ തഴയപ്പെടുന്നത് തന്നെ; സൂര്യകുമാറിനെ കളിപ്പിച്ചത് അനാവശ്യമായി എന്ന് കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം