കണക്കുകൾ പരിശോധിച്ചാൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിനാണ് റൺവേട്ടയിൽ മുന്നിൽ.
ഹൈദരാബാദ്: വിദേശ പിച്ചുകളില്‍ വിരാട് കോലി, സച്ചിൻ ടെൻഡുൽക്കറെക്കാള്‍ കേമനാണെന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡി വില്ലിയേഴ്സിന്‍റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേശ്. ഏഷ്യൻ വംശജരായ ബാറ്റർമാർക്കും പേസ് സാഹചര്യങ്ങളിൽ തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത് സച്ചിനാണ്. എന്നാൽ അദ്ദേഹത്തിന് നൽകിയ ആ അടിത്തറയിൽ നിന്ന് കളിയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ വിരാട് കോലിക്ക് സാധിച്ചു. വിദേശത്ത് സച്ചിനേക്കാൾ മികച്ച പ്രകടനമാണ് കോലി പുറത്തെടുത്തത് എന്നായിരുന്നു ഡിവില്ലിയേഴ്സ് പറഞ്ഞത്.
എന്നാൽ ഡി വില്ലിയേഴ്സിന്‍റെ ഈ വാദത്തോട് യോജിക്കാനാവില്ലെന്ന് ദൊഡ്ഡ ഗണേശ് പറഞ്ഞു. കഞ്ചാവ് വലിക്കുന്നത് നിർത്തു സഹോദരാ എന്നാണ് ഡിവില്ലിയേഴ്സിന്‍റെ പരാമര്‍ശം എക്സില്‍ പങ്കുവെച്ചുകൊണ്ട് ദൊഡ്ഡ ഗണേശ് കുറിച്ചത്.
കണക്കുകൾ പരിശോധിച്ചാൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിനാണ് റൺവേട്ടയിൽ മുന്നിൽ. സച്ചിന്‍റെ ആകെ റൺസിന്റെ 55 ശതമാനത്തോളവും (8,705 റൺസ്) വിദേശ മണ്ണിലായിരുന്നു.അതേസമയം 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് നേടിയ കോഹ്‌ലി, വിദേശത്ത് 66 മത്സരങ്ങളിൽ നിന്ന് 4,774 റൺസാണ് ആകെ നേടിയിട്ടുള്ളത്. എന്നാൽ സ്ഥിിവിവര കണക്കുകൾക്കപ്പുറം വിദേശ ടെസ്റ്റ് പരമ്പരകളിൽ വിജയിക്കുന്ന ഒരു ടീമായി ഇന്ത്യയെ മാറ്റിയെടുക്കാൻ കോലിയുടെ നേതൃത്വത്തിനും പ്രകടനത്തിനും സാധിച്ചുവെന്നായിരുന്നു ഡിവില്ലിയേഴ്സിന്‍റെ വാദം.
സച്ചിനും കോലിയും ഉണ്ടാക്കിയ ഈ സ്വാധീനം കെ എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ നിലവിലെ ഇന്ത്യൻ ബാറ്റർമാർക്കും സഹായകരമാകുന്നുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞിരുന്നു. സാങ്കേതികമായി മികച്ച കഴിവുള്ള കെ എൽ രാഹുലിന് വിദേശത്ത് മികച്ച ശരാശരി സ്വന്തമാക്കാൻ കഴിയുമെന്നും, 100 റൺസ് നേടിയാൽ പോരാ, അത് 180 വരെയെങ്കിലും ഉയർത്താൻ രാഹുൽ ശ്രദ്ധിക്കണമെന്നും ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന് പിന്നാലെ പുറത്തുവിട്ട വീഡിയോയിൽ ഡിവില്ലിയേഴ്സ് ഉപദേശിച്ചിരുന്നു.
