പ്രിൻ്റ് ചെയ്ത ടിക്കറ്റുകളുമായി വരുന്നവർക്കും സമാനമായ പരിശോധനയുണ്ടാകും.അവരുടെ ടിക്കറ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക.
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിനുള്ള സ്റ്റേഡിയം പ്രവേശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കി.ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പ്രവേശനത്തിനായി പ്രത്യേക ക്യുആർ കോഡ് ടിക്കറ്റ് ജീനി ആപ്പിൽ മത്സരദിവസം രാവിലെ എട്ടു മണി മുതൽ ലഭ്യമാകും. സ്റ്റേഡിയത്തിൽ എത്തുന്നവർക്ക് ഈ കോഡ് സ്കാൻ ചെയ്തായിരിക്കും അകത്തേക്ക് പ്രവേശിക്കാനാവുക.
പ്രിൻ്റ് ചെയ്ത ടിക്കറ്റുകളുമായി വരുന്നവർക്കും സമാനമായ പരിശോധനയുണ്ടാകും.അവരുടെ ടിക്കറ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. ടിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും മാത്രമേ കാണികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഒരു തവണ ക്യുആർ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ പിന്നീട് അത് ഓട്ടോമാറ്റിക് ആയി അപ്രത്യക്ഷമാകും. അതിനാൽ സ്റ്റേഡിയത്തിൽ നിന്നും പുറത്തിറങ്ങിയാൽ പിന്നീട് ഒരു കാരണവശാലും വീണ്ടും അകത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ.
മത്സരം കാണാനെത്തുന്നവർക്കായി വിവിധ ഇടങ്ങളിലായി വിപുലമായ പാർക്കിങ് സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാണികൾക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്,കാര്യവട്ടം ഗവൺമെന്റ് കോളേജ്, ബി.എഡ് സെന്റർ കാര്യവട്ടം, എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിങ് ഗ്രൗണ്ട്, ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പാർക്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. വിഐപികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് പുറകിലുള്ള സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ടിലും വിവിഐപികൾക്ക് ക്ലബ് ഹൗസിന് സമീപവുമാണ് പാർക്കിങ് ഒരുക്കിയിരിക്കുന്നത്. പാർക്കിങ് ഏരിയയിൽ നിന്ന് സ്റ്റേഡിയത്തിലേക്കും തിരികെ മത്സര ശേഷം പാർക്കിങ് ഏരിയയിലേക്കും കെസിഎ പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങും.
നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കർശന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കണം. ശ്രീകാര്യം ഭാഗത്തുനിന്ന് വരുന്നവർ ചാവടിമുക്ക്- കുളത്തൂർ വഴിയാണ് യാത്ര ചെയ്യേണ്ടത്. കൂടാതെ, ചെങ്കോട്ടുകോണം- കാര്യവട്ടം റൂട്ടിലും ഗതാഗത നിയന്ത്രണമുണ്ടാകും. സ്റ്റേഡിയം പരിസരത്തെ തിരക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾ പരമാവധി ഒഴിവാക്കി കാണികൾ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ പ്രയോജനപ്പെടുത്തണം.
