പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന പാറ്റ് കമ്മിന്‍സ്, രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമെന്ന് സ്ഥിരീകരിച്ചു.
ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് കളിച്ചേക്കും. നാളെ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ താന്‍ കളിക്കുമെന്ന് കമ്മിന്‍സ് സ്ഥിരീകരിച്ചു. പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് കമ്മിന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ക്യാപ്റ്റനായി തുടരുമോ എന്നുള്ള കാര്യം വ്യക്തമല്ല. നിലവില്‍, ഇഷാന്‍ കിഷനാണ് ഹൈദരാബാദിനെ നയിക്കുന്നത്.
'നാളത്തെ മത്സരത്തിനായി കാത്തിരിക്കുന്നു' എന്ന് കമ്മിന്‍സ് കുറിച്ചു. സീസണിലെ ആദ്യ ഏഴ് മത്സരങ്ങള്‍ നഷ്ടമായതിന് ശേഷമാണ് ഓസ്ട്രേലിയന്‍ താരം ടീമിലേക്ക് മടങ്ങിയെത്തുന്നത്. കമ്മിന്‍സിന്റെ തിരിച്ചുവരവിനെ സഹതാരം ട്രാവിസ് ഹെഡ് തമാശരൂപേണയാണ് സ്വാഗതം ചെയ്തത്. 'ഈ എഐ ചിത്രങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടുവരുന്നുണ്ടല്ലോ' എന്നായിരുന്നു ഹെഡിന്റെ രസകരമായ കമന്റ്.
കഴിഞ്ഞ ജൂലൈ മുതല്‍ പുറംവേദനയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കമ്മിന്‍സിന് ടി20 ലോകകപ്പും നഷ്ടമായിരുന്നു. ഡിസംബറില്‍ നടന്ന ഒരു ആഷസ് ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം പിന്നീട് കളിച്ചത്. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം, ബംഗളൂരുവിനെതിരായ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേര്‍ന്നെങ്കിലും കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് ശേഷം കൂടുതല്‍ സ്‌കാനിംഗുകള്‍ക്കായി ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ കായികക്ഷമത വീണ്ടെടുത്ത ശേഷമാണ് താരം തിരിച്ചെത്തുന്നത്.
സണ്‍റൈസേഴ്സിന്റെ കുതിപ്പ്
സീസണിന്റെ തുടക്കത്തില്‍ ആദ്യ നാല് മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ട ഹൈദരാബാദ്, തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായി ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ ഇടംപിടിച്ചു. നിലവില്‍ എട്ട് പോയിന്റും +0.820 നെറ്റ് റണ്‍റേറ്റും ടീമിനുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു ഹൈദരാബാദ്. റിയാന്‍ പരാഗ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ കമ്മിന്‍സ് എത്തുമ്പോള്‍ പോരാട്ടം കൂടുതല്‍ ആവേശകരമാകുമെന്ന് ഉറപ്പാണ്.

