സിഡ്‌നി: ഐപിഎല്ലില്‍ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യയെ നേരിടാനുള്ള തയ്യറെടുപ്പിലാണ് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ഓസ്‌ട്രേലിയന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കമ്മിന്‍സ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു. സീസണിലെ വിലപിടിപ്പുള്ള താരമായിരുന്നു കമ്മിന്‍സ്. വരാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആതിഥേയര്‍ക്ക് തന്നെയാണ് മുന്‍തൂക്കമെന്നാണ് കമ്മിന്‍സ് പറയുന്നത്. അവസാന മൂന്ന് ടെസ്റ്റിലെ വിരാട് കോലിയെ അസാന്നിധ്യത്തെ കുറിച്ചും കമ്മിന്‍സ് സംസാരിച്ചു. 

ഒരു ക്യാപ്റ്റനെ നിലയില്‍ ഇന്ത്യന്‍ ടീമിന് അദ്ദേഹത്തെ നഷ്ടമാവുമെന്നാണ് കമ്മിന്‍സ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കോലിയുടെ ക്യാപ്റ്റന്‍സി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കനത്ത നഷ്ടമായിരിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ കോലിക്ക് അടുത്തോ അല്ലെങ്കില്‍ അതേ രീതിയിലോ കളിക്കുന്ന മറ്റൊരു താരത്തിനെ കണ്ടെത്താനുള്ള അവസരമാണിത്. കോലിയില്ലെങ്കില്‍ അയാള്‍ക്ക് പകരം ഒരു താരത്തെ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെയൊരു താരത്തെ ചിലപ്പോള്‍ ഈ പരമ്പരയില്‍ കണ്ടേക്കാം. കോലിയുടെ അഭാവം ചിലപ്പോള്‍ വ്യത്യാസം ഉണ്ടാക്കിയേക്കാം. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീം അതിനെ കുറിച്ചൊന്നും ചര്‍ച്ച ചെയ്തിട്ടില്ല.'' കമ്മിന്‍സ് പറഞ്ഞു. 

ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ കനത്ത വെല്ലുവിളിയായിരിക്കുമെന്നും കമ്മിന്‍സ് വ്യക്തമാക്കി. ''ഇന്ത്യന്‍ ബാറ്റിങ് നിര ഓസ്ട്രേലിയയിലെ പിച്ചുകളില്‍ പതറാന്‍ സാധ്യതയേറെയാണ്. പേസും ബൗളണ്‍സും തന്നെ മുഖ്യ കാരണം. ഇക്കാര്യം ആതിഥേയര്‍ക്ക് മുതല്‍കൂട്ടാവും.'' ഐപിഎല്ലിലെ ബയോ ബബിള്‍ സര്‍ക്കിള്‍ ഏറെ ഗുണം ചെയ്‌തെന്നും കമ്മിന്‍സ് വ്യക്തമാക്കി. ''ബയോ ബബിള്‍ സര്‍ക്കിള്‍ പുതിയൊരു അനുഭവമായിരുന്നു. ഒരു മത്സരം കഴിഞ്ഞ് മറ്റൊരു വേദിയിലേക്ക് പോകുമ്പോള്‍ ബുദ്ധിമുട്ടൊന്നും അനുഭവിച്ചിരുന്നില്ല.'' താരം പറഞ്ഞുനിര്‍ത്തി. 

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് ഓസ്‌ട്രേലിന്‍ പര്യടനത്തിന് തുടക്കമാവുക. നവംബര്‍ 27 മുതലാണ് പരമ്പര തുടങ്ങുന്നത്. മൂന്ന് ടി20യും നാല് ടെസ്റ്റുകളും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും.