വീഡിയോയുടെ ചെറിയ പതിപ്പ് അപ്‍ലോഡ് ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്നും ഫുൾ വേര്‍ഷനിൽ ഇമ്രാനുമുണ്ടെന്ന തിരുത്തുമായാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പുതിയ ദൃശ്യം അപ്‍ലോഡ് ചെയ്തിരിക്കുന്നത്
ഇസ്ലാമാബാദ്: ഇതിഹാസ താരവും ലോകകപ്പ് നേടിയ ടീമിന്‍റെ നായകനുമായ ഇമ്രാൻ ഖാനെ ഉൾപ്പെടുത്തി പുതിയ വീഡിയോയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പാക് ടീമിന്‍റെ നേട്ടങ്ങൾ വിവരിച്ചുള്ള വീഡിയോയിൽ നിന്ന് ഇമ്രാനെ ഒഴിവാക്കിയത് വിവാദമായിരുന്നു. പാക് ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഇമ്രാനെ രാഷ്ട്രീയഭിന്നതകളുടെ പേരിൽ തഴഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് മുൻ താരം വസീം അക്രം അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
വീഡിയോയുടെ ചെറിയ പതിപ്പ് അപ്‍ലോഡ് ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്നും ഫുൾ വേര്‍ഷനിൽ ഇമ്രാനുമുണ്ടെന്ന തിരുത്തുമായാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പുതിയ ദൃശ്യം ട്വിറ്ററില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. പുതിയ വീഡിയോ വന്നപ്പോഴും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിനെതിരെ ആരാധകരുടെ വിമർശനം അവസാനിക്കുന്നില്ല. വീഡിയോയുടെ ചെറിയ പതിപ്പ് അപ്‍ലോഡ് ചെയ്തപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ താരംതന്നെ എങ്ങനെ നീക്കംചെയ്യപ്പെട്ടു എന്നാണ് വിമർശകർ ചോദിക്കുന്നത്. പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ അഴിമതിക്കേസിൽ മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാണിപ്പോൾ.
1992 ഏകദിന ലോകകപ്പിന്‍റെ ഫൈനലിൽ ഇംഗ്ലണ്ടിനെ 22 റണ്‍സിന് തകര്‍ത്താണ് ഇമ്രാൻ ഖാന്‍റെ പാകിസ്ഥാൻ ആദ്യ വിശ്വ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക് ടീം 50 ഓവറില്‍ 6 വിക്കറ്റിന് 249 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ മറുപടി ഇന്നിംഗ്സ് 49.2 ഓവറില്‍ 227 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ 110 പന്തില്‍ 72 റണ്‍സുമായി പാകിസ്ഥാന്‍റെ ടോപ് സ്കോറർ നായകന്‍ കൂടിയായ ഇമ്രാന്‍ ഖാനായിരുന്നു. ബൗളിംഗില്‍ ഒരു വിക്കറ്റും ഇമ്രാന്‍ പേരിലാക്കി. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരില്‍ ഒരാളായ ഇമ്രാന്‍ ഖാന്‍ 88 ടെസ്റ്റില്‍ 3807 റണ്‍സും 362 വിക്കറ്റും 175 ഏകദിനങ്ങളില്‍ 3709 റണ്‍സും 182 വിക്കറ്റും പേരിലാക്കിയിട്ടുണ്ട്.
