നാടകീയമായായിരുന്നു ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് 2021ല്‍ വിരാട് കോലി തെറിച്ചത്

ലാഹോർ: വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഈ അനിശ്ചിതത്വം വരില്ലായിരുന്നൂവെന്ന് പാകിസ്ഥാന്‍ മുന്‍ താരം റാഷിദ് ലത്തീഫ്. ഏകദിന ലോകകപ്പിന് രണ്ട് മാസം മാത്രം ശേഷിക്കേ സ്ക്വാഡിനെ ഉറപ്പിക്കാന്‍ ടീം ഇന്ത്യക്ക് കഴിയാത്ത സാഹചര്യത്തിലാണ് പാക് മുന്‍ വിക്കറ്റ് കീപ്പർ നിലവിലെ ഏകദിന നായകന്‍ രോഹിത് ശർമ്മയ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനുമെതിരെ ഒളിയമ്പ് എയ്തിരിക്കുന്നത്. 

നാടകീയമായായിരുന്നു ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് 2021ല്‍ വിരാട് കോലി തെറിച്ചത്. ആ വർഷത്തെ ട്വന്‍റി 20 ലോകകപ്പോടെ കുട്ടി ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നതാണ്. പിന്നാലെ ഡിസംബറില്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോലിയെ നീക്കി അന്നത്തെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പുലിവാല്‍ പിടിച്ചു. വൈറ്റ് ബോളിലെ രണ്ട് വ്യത്യസ്ത ഫോർമാറ്റുകളില്‍ വെവ്വേറെ ക്യാപ്റ്റന്‍മാർ വേണ്ട എന്നതായിരുന്നു കോലിയെ ഏകദിന നായകത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐ കണ്ടെത്തിയ ന്യായീകരണം. ഇതോടെ രോഹിത് ശർമ്മ ഇരു ഫോർമാറ്റിലും നായകനായി. തൊട്ടടുത്ത വർഷം ജനുവരിയില്‍ രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും ഏല്‍പിച്ചു ബിസിസിഐ. അടുത്ത ഏകദിന ലോകകപ്പ് നടക്കാനിരിക്കേ രോഹിത്തിനും ദ്രാവിഡിനും കീഴില്‍ സാധ്യതാ സ്ക്വാഡിനെ ഉറപ്പിക്കാന്‍ പോലും ടീം ഇന്ത്യക്കായിട്ടില്ല. 

2013ന് ശേഷം ആദ്യമായി ഐസിസി ടൂർണമെന്‍റ് നേടാന്‍ ലക്ഷ്യമിട്ട് സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പിനിറങ്ങുന്ന ടീം ഇന്ത്യക്ക് വലിയ തിരിച്ചടിയാവുന്നത് ഒരുപിടി താരങ്ങളുടെ പരിക്കാണ്. ഈ യാഥാർഥ്യം മുന്നില്‍ നില്‍ക്കുന്നുവെങ്കിലും എല്ലാ കുറ്റവും വിരാട് കോലിയെ ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് മാറ്റിനിർത്തിയതിലാണ് പാക് മുന്‍ താരം റാഷിദ് ലത്തീഫ് കാണുന്നത്. 'ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോലിയെ അനുവദിച്ചിരുന്നൂവെങ്കില്‍ ഈ സമയം ആവുമ്പേഴേക്ക് ടീം 100 ശതമാനവും തയ്യാറാകുമായിരുന്നു. ഇന്ത്യന്‍ ടീം ഏറെ താരങ്ങളെ വച്ച് പരീക്ഷണം നടത്തുകയാണ്. 4 മുതല്‍‌ ഏഴ് വരെയുള്ള ബാറ്റിംഗ് സ്ഥാനങ്ങളില്‍ ഏറെ മാറ്റങ്ങളാണ് ടീം വരുത്തിയിരിക്കുന്നത്. പരിക്കേറ്റ താരങ്ങളായ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ എന്നിവരെ ലോകകപ്പില്‍ ആശ്രയിക്കുന്നത് അപകടമാണ്' എന്നും റാഷിദ് ലത്തീഫ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഒക്ടോബർ- നവംബർ മാസങ്ങളില്‍ ഇന്ത്യയില്‍ വച്ചാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ്. പരിക്ക് മാറി ജസ്പ്രീത് ബുമ്ര തയ്യാറായി എങ്കിലും കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ എന്നിവരുടെ കാര്യത്തില്‍ അനിശ്ചിത്വം തുടരുകയാണ്. അയ്യർ നാലാം നമ്പറിലും രാഹുല്‍ അഞ്ചാം നമ്പറിലും സ്ഥിര താരങ്ങളായിരിക്കേയാണ് പരിക്ക് ഇരുവരേയും പിടികൂടിയത്. മാത്രമല്ല, ഏകദിന ടീമിന്‍റെ വിക്കറ്റ് കീപ്പർ കൂടിയാണ് രാഹുല്‍. ഇതോടെ ലോകകപ്പിന് മുമ്പ് ശക്തമായ സ്ക്വാഡിനെ കണ്ടെത്തുക ബിസിസിഐക്ക് പ്രയാസമായിരിക്കുകയാണ്. അയ്യരും രാഹുലും ഫിറ്റ്നസ് വീണ്ടെടുത്ത് ഉടന്‍ കളിക്കാനിറങ്ങും എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. മറിച്ചായാല്‍ ടീം ഇന്ത്യയുടെ ഏകദിന ലോകകപ്പ് പദ്ധതികളെ അത് ബാധിക്കും. 

Read more: ചരിത്ര നിമിഷം; എഎഫ്ഐ തലവന്‍ ആദില്‍ സമരിവാല 'വേള്‍ഡ് അത്‍ലറ്റിക്സ്' വൈസ് പ്രസിഡന്‍റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം