കറാച്ചി: പാകിസ്ഥാന്‍ താരങ്ങളെ കൂടി ഉള്‍പ്പെടുത്തികൊണ്ടായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണ്‍ അരങ്ങേറിയത്. 2007ല്‍ നടന്ന ആദ്യ സീസണില്‍ 11 പാകിസ്ഥാന്‍ താരങ്ങളാണ് ഐപിഎല്‍ കളിച്ചത്. എന്നാല്‍ രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പേരില്‍ തുടര്‍ന്നുള്ള സീസണുകളില്‍ പാക് താരങ്ങളെ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു.

ഇപ്പോള്‍ പാകിസ്ഥാന്‍ താരങ്ങളില്ലാത്ത ഐപിഎല്ലിനെ കുറിച്ച് സംസാരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്സാന്‍ മനി. പാക് താരങ്ങള്‍ ഒരിക്കലും ഐപിഎല്‍ കളിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് മനി വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഒരിക്കലും പാക് ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്‍ കളിക്കണമെന്ന് ഞങ്ങള്‍ വാശി പിടിക്കില്ല. പാകിസ്ഥാന്‍ താരങ്ങളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുപ്പിക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെടുകയുമില്ല. ഒരുനാള്‍ എല്ലാം കലങ്ങിതെളിയും.'' മനി വ്യക്തമാക്കി. 

ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പരയെ കുറിച്ചും മനി സംസാരിച്ചു. ''ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര നടക്കാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് അവസാനം ഉണ്ടായാല്‍ മാത്രമേ അങ്ങനെയൊരു സാധ്യതയുള്ളൂ. മുമ്പ് ബിസിസിഐയുമായി അടുത്ത ബന്ധമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് എല്ലാം താളം തെറ്റി. ഒന്നും സാധാരണ പോലെയല്ല.'' മനി പറഞ്ഞു.

കഴിഞ്ഞ 14 വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും അടുത്തകാലത്തൊന്നും പരമ്പരകള്‍ കളിച്ചിട്ടില്ല.