എന്തുകൊണ്ട് പാകിസ്ഥാന്‍റെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ നടത്തുന്നില്ല എന്ന് സാക്ക അഷ്‌റഫ് ഐസിസി യോഗത്തില്‍ ഉന്നയിക്കും

ലാഹോര്‍: ഐസിസി ഏകദിന ലോകകപ്പ് സംബന്ധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നാടകങ്ങള്‍ അവസാനിക്കുന്നില്ല. ലോകകപ്പില്‍ പാകിസ്ഥാന്‍റെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ നടത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആക്‌ടിംഗ് ചെയര്‍മാന്‍ സാക്ക അഷ്‌റഫ് ഐസിസി യോഗത്തില്‍ ആവശ്യമുന്നയിക്കും. ഡര്‍ബനില്‍ ഈ ആഴ്‌ചയാണ് ലോകകപ്പിന് മുന്നോടിയായുള്ള നിര്‍ണായക ഐസിസി യോഗം നടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാത്ത സാഹചര്യത്തില്‍ എന്തുകൊണ്ട് പാകിസ്ഥാന്‍റെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ നടത്തുന്നില്ല എന്ന് സാക്ക അഷ്‌റഫ് യോഗത്തില്‍ ചോദിക്കും എന്നും പാക് കായിക മന്ത്രി എഹ്സാന്‍ മസാരി പറഞ്ഞു. 

വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറല്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ലങ്കയാണ് വേദി. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ നാല് മത്സരങ്ങള്‍ പാകിസ്ഥാനിലും 9 കളികള്‍ ശ്രീലങ്കയിലുമാണ് നടക്കുക. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ പാക് സര്‍ക്കാരിന്‍റെ നിലപാടറിഞ്ഞ ശേഷം മാത്രമേ പങ്കെടുക്കൂ എന്ന് അടുത്തിടെ പിസിബി വ്യക്തമാക്കിയിരുന്നു. 

ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഒരു ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിനായി ഇന്ത്യ ടീമിനെ അയക്കില്ലെങ്കില്‍ ലോകകപ്പില്‍ ഞങ്ങളുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദികളില്‍ വേണം. 'ബിസിസിഐക്ക് പാകിസ്ഥാനിലെ സുരക്ഷാ കാര്യങ്ങളില്‍ സംശയമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഇന്ത്യയിലെ സുരക്ഷയും സംശയിക്കാമെന്ന്' എഹ്സാന്‍ മസാരി പറയുന്നു. 

ഇന്ത്യ വേദിയാവുന്ന ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് വിലയിരുത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷരീഫ് കമ്മീഷനെ നിയമിച്ചതിന് പിന്നാലെയാണ് കായികമന്ത്രിയുടെ പ്രതികരണം. ഈ കമ്മിറ്റിയില്‍ എഹ്‌സാന്‍ മസാരിയടക്കം 11 മന്ത്രിമാരുണ്ട്. വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് സംഘത്തിന്‍റെ തലവന്‍. സംഘത്തിന്‍റെ നിര്‍ദേശങ്ങള്‍ കേട്ട ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുക പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ രക്ഷാധികാരി കൂടിയായ പ്രധാനമന്ത്രിയായിരിക്കും. ലോകകപ്പിന് മുമ്പ് ഇന്ത്യയിലെ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ പാകിസ്ഥാന്‍ സംഘത്തെ അയക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. 

Read more: വീണ്ടും മലക്കംമറിഞ്ഞ് പാകിസ്ഥാന്‍; ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് മന്ത്രിയുടെ ഭീഷണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം