പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ഹോം മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം പകുതി വിലയ്ക്ക് പിടിവിക്ക് നൽകേണ്ടി വന്നു. ദേശീയ ടീമിന്റെ മോശം പ്രകടനവും കുടിശ്ശികയുമാണ് മറ്റ് കമ്പനികളെ ലേലത്തിൽ നിന്ന് അകറ്റിയത്.

ലാഹോര്‍: 25 അന്താരാഷ്ട്ര ഹോം മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് നിശ്ചയിച്ച തുകയുടെ പകുതി വിലയ്ക്ക് വില്‍ക്കേണ്ടിവന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പിടിവി (പാകിസ്ഥാന്‍ ടെലിവിഷന്‍ കോര്‍പ്പറേഷന്‍) മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കാത്തതാണ് തിരിച്ചടിയായത്.

ബോര്‍ഡിന്റെ അടിസ്ഥാന വിലയായ 60 കോടി രൂപയ്ക്ക് വളരെ താഴെയായി 35 കോടി രൂപയുടെ കുറഞ്ഞ ലേലത്തുകയ്ക്കാണ് പിടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. അഞ്ച് ടെസ്റ്റുകളും 14 ഏകദിനങ്ങളും ആറ് ടി20 മത്സരങ്ങളും ഉള്‍പ്പെടെയുള്ളവയാണ് ഈ കരാറിലുള്ളത്.

ദേശീയ ടീമിന്റെ മോശം പ്രകടനവും മുന്‍കാല കരാറുകളിലെ കുടിശ്ശികകളും കാരണം പ്രമുഖ സംപ്രേക്ഷണ കമ്പനികളൊന്നും ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം കാണിച്ചില്ലെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ ചില പ്രമുഖ കമ്പനികള്‍ ബോര്‍ഡിന് കോടികള്‍ നല്‍കാനുണ്ട്. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് പിസിബിക്ക് കുറഞ്ഞ തുകയ്ക്ക് കരാര്‍ ഉറപ്പിക്കേണ്ടി വന്നത്.

അക്തര്‍ നേതൃസ്ഥാനത്തേക്കില്ല

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ ആകുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി മുന്‍ പാക് പേസ് ബൗളര്‍ ഷുഹൈബ് അക്തര്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാന്‍ തനിക്ക് യാതൊരു താല്‍പര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'പിസിബിയില്‍ നിന്നും പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന്' അമ്മ തനിക്ക് ഉപദേശം നല്‍കിയിട്ടുണ്ടെന്നും, ആ ഉപദേശം താന്‍ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.

YouTube video player