കറാച്ചി: ഷൊയ്ബ് അക്തര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്റ്ററായേക്കുമെന്നുള്ള വാര്‍ത്തകള്‍ തള്ളി പാക് ക്രിക്കറ്റ് ബോര്‍ഡ്. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചയിലാണെന്നും വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അക്തര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും പിസിബി വ്യക്തമാക്കി. പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തകനായ സാജ് സാദിഖ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാക് ബോര്‍ഡുമായി ചര്‍ച്ചയിലാണെന്ന കാര്യം വ്യക്തമാക്കിയത്. അക്തറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''പാക് ടീമിന്റെ ചീഫ് സെലക്ടറായേക്കുമെന്ന വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കുന്നില്ല. ക്രിക്കറ്റ് ബോര്‍ഡുമായി ചില ചര്‍ച്ചകള്‍ നടത്തിയിരുന്നു.പാക് ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ട്. പക്ഷെ ഒന്നും ഉറപ്പ് പറയാറായിട്ടില്ല.'' അക്തര്‍ പറഞ്ഞു.

പാക് ടീമിന്റെ മുഖ്യ പരിശീലകനായ മിസ്ബാ ഉള്‍ ഹഖ് തന്നെയാണ് നിലവില്‍ ചീഫ് സെലക്ടറുടെയും ചുമതല വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഈ രണ്ട് സ്ഥാനങ്ങളും ഏറ്റെടുത്തത്. രണ്ടും കൂടെ ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കമോ എന്നുളളത് അന്ന് പലരിലും സംശയമുണ്ടാക്കിയിരുന്നു. പാക് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരേസമയം പരിശീലകന്റെയും സെലക്റ്ററുടെയും സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയായിരുന്നു മിസ്ബ.

എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയതോടെ മിസ്ബ ഏതെങ്കിലും ഒരു പദവി ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അക്തര്‍ തന്നെ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

നേരത്തെ സെലക്റ്റര്‍ സ്ഥാനത്ത് നിന്ന് മിസിബയെ മാറ്റുന്ന നീക്കത്തെ വസിം അക്രം ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തിരുന്നു. പുതിയ സെലക്റ്റര്‍ വന്നാല്‍ മിസ്ബായുടെ ജോലിഭാരം കുറഞ്ഞേക്കും. അത് കോച്ചിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുമെന്നും അക്രം പറഞ്ഞു.