പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം.
കറാച്ചി: പാക് ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ ബാബര്‍ അസമിനെയും ഷഹീന്‍ അഫ്രീദിയെയും മുഹമ്മദ് റിസ്‌വാനെയും ഇനി ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് വ്യക്തമാക്കി പാക് സെലക്ടര്‍മാര്‍. വര്‍ഷങ്ങളായി പാക് ടീമിന്‍റെ നെടുന്തൂണുകളാണെങ്കിലും ടി20 ക്രിക്കറ്റില്‍ മൂന്ന് പേരുടെയും മോശം ഫോം പാകിസ്ഥാന് തിരിച്ചടിയായിരുന്നു.
ടോപ് ഓര്‍ഡറില്‍ ഇറങ്ങുന്ന ബാബറിന്‍റെയും റിസ്‌വാന്‍റെയും മെല്ലെപ്പോക്ക് പലപ്പോഴും പാക് സ്കോറിംഗിനെ ബാധിച്ചിരുന്നു. വിക്കറ്റ് വീഴ്ത്തുന്നതില്‍ അഫ്രീദി പരാജയപ്പെടുന്നതും റണ്‍സേറെ വഴങ്ങുന്നതും പാകിസ്ഥാന് തിരിച്ചടിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തല്‍ക്കാലും മൂന്ന് പേരെയും ടി20 ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് അക്വിബ് ജാവേദിന്‍റെ നേതൃത്വത്തിലുള്ള പാക് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനും ബംഗ്ലാദേശിനുമെതിരായ ടി20 പരമ്പരക്കുള്ള പാക് ടീമിലേക്ക് മൂന്ന് താരങ്ങളെും പരിഗണിക്കില്ല. ഇക്കാര്യം മന്ന് പേരെയും സെലക്ടര്‍മാര്‍ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൂന്ന് താരങ്ങളോടും പുതുതായി ചുമതലയേറ്റ പരിശീലകന്‍ മൈക് ഹെസ്സനും നിര്‍ദേശിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പാക് സെലക്ടര്‍മാര്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ കളിക്കുക. വെസ്റ്റ് ഇന്‍ഡീസില്‍ ഏകദിന, ടി20 പരമ്പര കളിച്ചശേഷം ബംഗ്ലാദേശിനെതിരെ മൂന്ന് മത്സര ടി20 പരമ്പരയിലും പാകിസ്ഥാന്‍ കളിക്കും.


