ക്യാപ്റ്റന്‍സി തന്നെ ബാധിക്കുന്നുണ്ടോയെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തോട് ചോദിക്കണം എന്ന് മിയാന്‍ദാദ്

ലാഹോര്‍: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം വിശേഷിപ്പിക്കപ്പെടുന്നത്. മൂന്ന് ഫോര്‍മാറ്റിലും റണ്‍സ് കണ്ടെത്താന്‍ മിടുക്കുള്ള താരങ്ങളിലൊരാള്‍. നിലവില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോഴും മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍സി താരത്തിന്‍റെ പ്രകടനത്തെ ബാധിക്കുന്നുണ്ടോയെന്ന ചോദ്യം സജീവമാണ്. അതിനാല്‍ത്തനെ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബാബറുമായി സംസാരിക്കാന്‍ തയ്യാറാവണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍താരം ജാവേദ് മിയാന്‍ദാദ്. 

'ബാബര്‍ അസം ലോകോത്തര ബാറ്ററാണ്. എന്നാല്‍ ക്യാപ്റ്റന്‍സി തന്നെ ബാധിക്കുന്നുണ്ടോയെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തോട് ചോദിക്കണം. ബാറ്റിംഗും ക്യാപ്റ്റന്‍സിയും കൊണ്ട് ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് ക്യാപ്റ്റന്‍റെ റോള്‍ നീക്കാന്‍ തയ്യാറാവണം. എന്നിരുന്നാലും, ക്യാപ്റ്റൻ സ്ഥാനത്തേക്ക് അവരുടെ ഇഷ്ടപ്പെട്ട ചോയ്സ് ബാബറാണെന്ന് ബോർഡ് വ്യക്തമാക്കണം. പാകിസ്ഥാനായി കളിക്കുന്നതാവണം താരങ്ങളുടെ മനസില്‍ ആദ്യമുണ്ടാവേണ്ടത്. അങ്ങനെയാവുമ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മികച്ച പ്രകടനം പുറത്തെടുക്കാനാവും. മികച്ച താരങ്ങളാണ് എന്നതിനാലാണ് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുന്നതെന്ന് പാകിസ്ഥാന്‍ താരങ്ങള്‍ മനസിലാക്കണം. മത്സരം ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുക്കണം' എന്നും മിയാന്‍ദാദ് പറഞ്ഞു. 

ബാബറിന് ഇന്ന് നിര്‍ണായക മത്സരം

നിലവില്‍ ബാബറിന്‍റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്ഥാനും ഇംഗ്ലണ്ട് ഏഴ് മത്സരങ്ങളുടെ ടി20 പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 3-3 എന്ന നിലയിലാണ് ഇരു ടീമുകളും. ഇന്ന് ലാഹോറില്‍ നടക്കുന്ന മത്സരം പരമ്പര വിജയികളെ തീരുമാനിക്കും. പാകിസ്ഥാനായി 42 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 3122 റണ്‍സും 92 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 4664 റണ്‍സും 86 രാജ്യാന്തര ടി20കള്‍ കളിച്ചപ്പോള്‍ 3035 റണ്‍സും ബാബര്‍ അസം നേടിയിട്ടുണ്ട്. 

കെ എല്‍ രാഹുല്‍ ശൈലി മാറ്റണം, എങ്കില്‍ ലോകകപ്പില്‍ ബൗളര്‍മാര്‍ പാടുപെടും: ഷെയ്‌ന്‍ വാട്‌സണ്‍