ഇന്ത്യക്ക് പുറത്തുള്ള എല്ലാവർക്കും അറിയേണ്ടത് വൈഭവ് ശരിക്കും 15 വയസുകാരനാണോ എന്നാണ്. എന്നാൽ എനിക്കതിൽ പ്രശ്നങ്ങളൊന്നുമില്ല. കാരണം, അവന് 15 ആണെങ്കിലും 18 ആണെങ്കിലും ആരാണ് ആശങ്കപ്പെടുന്നത്. അവന് നന്നായി ക്രിക്കറ്റ് കളിക്കാൻ അറിയാം.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ശരിക്കും 15 വയസാണോ എന്നതാണ് ഇന്ത്യക്ക് പുറത്തുള്ള ആരാധകരുടെ പ്രധാന സംശയമെന്ന് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ. എന്നാല്‍ ഇത്തരം സംശയങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും പ്രായമല്ല അവന്‍റെ പ്രകടനം മാത്രമേ നോക്കേണ്ടതുള്ളൂവെന്നും ബ്രെറ്റ് ലീ പറഞ്ഞു. ഇന്ത്യക്ക് പുറത്തുള്ള എല്ലാവർക്കും അറിയേണ്ടത് വൈഭവ് ശരിക്കും 15 വയസുകാരനാണോ എന്നാണ്. എന്നാൽ എനിക്കതിൽ പ്രശ്നങ്ങളൊന്നുമില്ല. കാരണം, അവന് 15 ആണെങ്കിലും 18 ആണെങ്കിലും ആരാണ് ആശങ്കപ്പെടുന്നത്. അവന് നന്നായി ക്രിക്കറ്റ് കളിക്കാൻ അറിയാം. ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച മികച്ച കണ്ടെത്തലാണവന്‍- ബീർ ബൈസെപ്സ് യൂട്യൂബ് ചാനലിൽ സംസാരിക്കവെ ബ്രെറ്റ് ലീ വ്യക്തമാക്കി.

ഐപിഎല്ലിൽ പ്രമുഖ ബൗളർമാർക്കെതിരെ ഭയമില്ലാതെ ബാറ്റ് വീശിയ വൈഭവിന്‍റെ മികവ് എടുത്തുപറയേണ്ടതാണെന്ന് ലീ പറഞ്ഞു. അന്താരാഷ്ട്ര ടി20യിൽ ഇംഗ്ലണ്ടിനെതിരെ പതിഞ്ഞ തുടക്കമായിരുന്നെങ്കിലും, സിംബാബ്‌വെ പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം നേടി വൈഭവ് ശക്തമായി തിരിച്ചെത്തിയിരുന്നു. ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സൂര്യവംശി നേടിയ 97 റൺസ് അസാധ്യ പ്രകടനമായിരുന്നുവെന്നും വേഗമേറിയ ഓസ്ട്രേലിയൻ പന്തുകളെപ്പോലും സധൈര്യം ഹുക്ക് ചെയ്ത് സിക്സറുകളാക്കാൻ അവന് സാധിച്ചുവെന്നും ബ്രെറ്റ് ലീ പറഞ്ഞു.

സൂര്യവംശിയുടെ ബാറ്റിങ് ഫോമിനേക്കാൾ പ്രധാനം അവന്‍റെ മാനസികാരോഗ്യമാണ്. അവൻ ഇപ്പോഴും ഒരു കുട്ടിയാണ്, അവനെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കുകയാണിപ്പോള്‍ വേണ്ടത്. അവന്‍റെ മേൽ അധിക സമ്മർദ്ദം അടിച്ചേൽപ്പിക്കരുത്. എതിരെ കളിച്ചിരുന്നെങ്കിൽ അവനെതിരെ ബൗൺസറുകൾ എറിയാനാണ് താൻ ഇഷ്ടപ്പെടുകയെന്നും അവൻ സിക്സർ അടിച്ചാലും വീണ്ടും ബൗൺസർ എറിഞ്ഞ് വെല്ലുവിളിക്കുമെന്നും ബ്രെറ്റ് ലീ പറ‌ഞ്ഞു. വരും വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായി മാറി കൂടുതൽ വലിയ നേട്ടങ്ങൾ കൊയ്യാൻ വൈഭവ് സൂര്യവംശിക്ക് സാധിക്കുമെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക