ശ്രീനഗര്‍: ക്വാറന്റീന്‍ കേന്ദ്രത്തിലെ ക്രിക്കറ്റ് കളിയുടെ വീഡിയോ പങ്കുവെച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള. ട്വിറ്ററിലൂടെയാണ് 37 സെക്കന്‍ഡുള്ള വീഡിയോ ഒമര്‍ അബ്ദുള്ള പങ്കുവെച്ചത്. എവിടെയാണെന്നോ എപ്പോള്‍ ഷൂട്ട് ചെയ്തതാണെന്നോ ഒമര്‍ അബ്ദുള്ള വ്യക്തമാക്കിയിട്ടില്ല.

ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരത്തിയിട്ടിരിക്കുന്ന കിടക്കകളുടെ ഒരു വശത്തായാണ് കുറച്ചുപേര്‍ മാസ്ക് ധരിച്ച് ക്രിക്കറ്റ് കളിക്കുന്നത്. കുറച്ചു സ്ഥലം കിട്ടിയാല്‍ കളിക്കും, ക്വാറന്റീന്‍ ടൈം പാസ് എന്ന തലക്കെട്ടോടെയാണ് ഒമര്‍ അബ്ദുള്ള വീഡിയോ പങ്കുവെച്ചത്.  ഒമറിന്റെ വീഡിയോക്ക് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.

ക്വാറന്റീനില്‍ കഴിയുന്നവരുടെ ആത്മവീര്യമുയര്‍ത്താന്‍ കളിയിലൂടെ കഴിയുമെന്ന് ചിലര്‍ കുറിച്ചപ്പോള്‍ ക്വാറന്റീനില്‍ കഴിയുമ്പോള്‍ ക്രിക്കറ്റ് കളിക്കുന്നത് സുരക്ഷിതമാണോ എന്ന ആശങ്കയും ചിലര്‍ പങ്കുവെച്ചു. അടുത്തിടെ ബിഹാറിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ സിനിമാ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.