ശ്രീലങ്കയിലേക്ക് വന്നാല്‍ ഷാക്കിബിനെ ആളുകള്‍ കല്ലെറിയുമെന്ന് എയ്ഞ്ചലോ മാത്യൂസിന്‍റെ സഹോദരന്‍
ബംഗ്ലാദേശ് നായകന്‍റെ നടപടി നിരാശാജനകമായിരുന്നെന്നും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോ മാനുഷികതതയോ ഇല്ലാത്ത ടീമാണ് ബംഗ്ലാദേശെന്നും ട്രെവിസ് മാത്യൂസ് പറഞ്ഞു.

കൊളംബോ: ലോകകപ്പില്‍ ശ്രീലങ്ക-ബംഗ്ലാദേശ് പോരാട്ടത്തിനിടെ ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യൂസിന്‍റെ സഹോദരന്‍ ട്രെവിസ് മാത്യൂസ്. ഷാക്കിബ് ശ്രീലങ്കയിലേക്ക് വന്നാല്‍ ആരാധകര്‍ അദ്ദേഹത്തിന് നേരെ കല്ലെറിയുമെന്നും ക്ലബ്ബ് ക്രിക്കറ്ററായിരുന്ന ട്രെവിസ് മാത്യൂസ് പറഞ്ഞു.
ബംഗ്ലാദേശ് നായകന്‍റെ നടപടി നിരാശാജനകമായിരുന്നെന്നും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോ മാനുഷികതതയോ ഇല്ലാത്ത ടീമാണ് ബംഗ്ലാദേശെന്നും ട്രെവിസ് മാത്യൂസ് പറഞ്ഞു. ബംഗ്ലാദേശ് ടീമില്‍ നിന്നും അവരുടെ നായകനില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഷാക്കിബ് രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനോ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനോ രാജ്യത്ത് എത്തിയാല്‍ ആളുകള്‍ കല്ലെറിയും. അല്ലെങ്കില്‍ ആരാധകരുടെ രോഷത്തിന് പാത്രമാവേണ്ടിവരുമെന്നും ട്രെവിസ് മാത്യൂസ് പറഞ്ഞു.
തന്നെ ടൈം ഔട്ടിലൂടെ പുറത്താക്കിയ ഷാക്കിബ് അല്‍ ഹസനെ ഏയ്ഞ്ചലോ മാത്യൂസും ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ ടൈം ഔട്ട് അപ്പീല്‍ ചെയ്യാനുള്ള ഷാക്കിബിന്‍റെ തീരുമാനം ഞെട്ടിച്ചുവെന്നും വലിയ നാണക്കേടാണെന്നും മാത്യൂസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. രണ്ട് മിനിറ്റിനുള്ളില്‍ തയാറായി ഞാന്‍ ക്രീസിലെത്തിയിരുന്നു. പക്ഷെ എന്‍റെ ഹെല്‍മെറ്റ് തകരാറിലായി.അതുകൊണ്ടാണ് ആദ്യ പന്ത് നേരിടാന്‍ താമസിച്ചത്. എനിക്കെതിരെ അപ്പീല്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്‍റെ സാമാന്യബുദ്ധി എവിടെപ്പോയെന്ന് എനിക്കറിയില്ല. ഷാക്കിബും ബംഗ്ലാദേശും ചെയ്തത് നാണംകെട്ട പരിപാടിയായി പോയെന്നും ബംഗ്ലാദേശ് അല്ലാതെ മറ്റൊരു ടീമും ഇത് ചെയ്യില്ലെന്നും മാത്യൂസ് പറഞ്ഞിരുന്നു.
ശ്രീലങ്ക-ബംഗ്ലാദേശ് പോരാട്ടത്തിനിടെ ഷാക്കിബ് എറിഞ്ഞ ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 26-ാം ഓവറിലാണ് മാത്യൂസ് ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ബംഗ്ലാദേശ് ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്ത് പുറത്താക്കിയത്. സഹതാരങ്ങളിലൊരാളാണ് ടൈംഡ് ഔട്ടിനെക്കുറിച്ച് തന്നെ ഓര്‍മിപ്പിച്ചതെന്നും ഇക്കാര്യം ഞാന്‍ അമ്പയര്‍മാരോട് സംസാരിച്ചശേഷമാണ് അപ്പീല്‍ ചെയ്തെതന്നുമായിരുന്നു ഷാക്കിബിന്‍റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക