ലോകകപ്പിലെ ന്യൂസിലൻഡ്-ശ്രീലങ്ക പോരാട്ടത്തിന് മഴ ഭീഷണി, ഇന്ത്യ-പാകിസ്ഥാൻ സ്വപ്ന സെമി ലോഡിങ്; സാധ്യതകള്‍ ഇങ്ങനെ
ബെംഗലൂരുവില്‍ നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലും ന്യൂസിലന്‍ഡിനെ മഴ ചതിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 400 റണ്‍സിനു മുകളില്‍ അടിച്ചിട്ടും മഴ കളിച്ചപ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം തുടക്കം മുതല്‍ തകര്‍ത്തടിച്ച പാകിസ്ഥാന്‍ വിജയികളായി.

ബെംഗലൂരു: ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടത്തില്‍ മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ബെംഗലൂരുവില്‍ കനത്ത മഴയുണ്ട്. മത്സരദിവസമായ നാളെയും മഴ പ്രവചനമുണ്ട്. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ കൂടും.
ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടം മഴമൂലം ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയന്‍റ് പങ്കിടും. ഇതോടെ ന്യൂസിലന്‍ഡിന് ഒമ്പത് പോയന്‍റോടെ പോരാട്ടം അവസാനിപ്പിക്കേണ്ടിവരും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലെത്താനുള്ള വഴി തെളിയും. അഫ്ഗാനിസ്ഥാനും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ സെമിയിലെത്താനുള്ള സാധ്യതകളുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ പാകിസ്ഥാനും പിന്നിലാണെന്നത് തിരിച്ചടിയാണ്.
ഒരു നിമിഷം മാക്സ്‌വെല്ലാവാന്‍ നോക്കി ജോ റൂട്ട്, പക്ഷെ സംഭവിച്ചത് ഭീമാബദ്ധം; തലയില്‍ കൈവെച്ച് ആരാധകർ
ബെംഗലൂരുവില്‍ നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലും ന്യൂസിലന്‍ഡിനെ മഴ ചതിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 400 റണ്‍സിനു മുകളില്‍ അടിച്ചിട്ടും മഴ കളിച്ചപ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം തുടക്കം മുതല്‍ തകര്‍ത്തടിച്ച പാകിസ്ഥാന്‍ വിജയികളായി. നാളെ മഴമൂലം കളി പൂര്‍ണമായും മുടങ്ങിയില്ലെങ്കിലും മഴമൂലം കളി തടസപ്പെട്ടാല്‍ മത്സരഫലം എങ്ങനെ വേണമെങ്കിലും മാറി മറിയാമെന്നത് ന്യൂസിലന്‍ഡിന്‍റെ ആശങ്ക കൂട്ടുന്നുണ്ട്.
എന്നാല്‍ മഴ പ്രവചനത്തെക്കുറിച്ച് മത്സരത്തലേന്ന് ചോദിച്ചപ്പോള്‍ അത് തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നായിരുന്നു കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ പ്രതികരണം. സെമി കാണാതെ നേരത്തെ പുറത്തായതിനാല്‍ നാളത്തെ മത്സരഫലം ശ്രീലങ്കയെ ബാധിക്കില്ല. 11ന് കൊല്‍ക്കത്തയിലാണ് പാകിസ്ഥാന്‍-ഇംഗ്ലണ്ട് പോരാട്ടം. നാളെ ന്യൂസിലന്‍ഡ് ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാന്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് വെറും ജയം മതിയാവില്ല.
നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിന് പിന്നിലാണെന്നതിനാല്‍ 130 റണ്‍സ് വ്യത്യാസത്തിലെങ്കിലും ഇംഗ്ലണ്ടിനെതിരെ ജയിച്ചാലെ പാകിസ്ഥാന് സെമിയിലെത്താനാവു. എന്നാല്‍ ശ്രീലങ്ക, നാളെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ വെറും ജയം കൊണ്ട് പാകിസ്ഥാന് സെമിയിലെത്താം. ഇന്ത്യ-പാക് സ്വപ്ന സെമിക്ക് അരങ്ങൊരുങ്ങുകയും ചെയ്യും. ശ്രീലങ്ക ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ട് പാകിസ്ഥാനെയും തോല്‍പ്പിക്കുകയും ദക്ഷിണാഫ്രിക്കയെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിക്കുകയും ചെയ്താല്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ സെമിക്ക് വഴി തെളിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക