ഓസ്ട്രേലിയയുടെ റണ്‍ ചേസില്‍ ഒരുസമയത്തും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം നേടാനായില്ലെന്ന് ആര്‍പി സിംഗ്

നാഗ്‌പൂര്‍: ഏഷ്യാ കപ്പിലെ വീഴ്‌ചകള്‍ അതേപടി ആവര്‍ത്തിക്കുന്ന ബൗളര്‍മാര്‍, ഡെത്ത് ഓവറില്‍ അടിവാങ്ങിക്കൂട്ടുന്ന ഭുവനേശ്വര്‍ കുമാര്‍. പരിക്കില്‍ നിന്നുള്ള തിരിച്ചുവരവില്‍ താളം കണ്ടെത്താനാവാത്ത ഹര്‍ഷല്‍ പട്ടേല്‍. ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് കനത്ത ആശങ്കയാണ് ബൗളര്‍മാരുടെ പ്രകടനം. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ഈ പേസര്‍മാരെ വച്ച് എന്ത് ചെയ്യാനാണ് എന്ന ചോദ്യം സജീവം. ഇതിനിടെ ഇന്ത്യന്‍ താരങ്ങളുടെ വീഴ്‌ചകളെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേസര്‍ ആര്‍പി സിംഗ് രംഗത്തെത്തി. 

'ടി20 ലോകകപ്പിന് മുമ്പ് നല്ല സൂചനകളല്ല ഇതൊന്നും. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ വന്നപ്പോള്‍ അത് ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും ഇല്ലാത്തതുകൊണ്ടാണെന്ന് കരുതി. ഓസ്‌ട്രേലിയക്കെതിരെ ടി20യില്‍ ഹര്‍ഷല്‍ പട്ടേല്‍ ടീമിലുണ്ടായിട്ടും ഇന്ത്യ തോറ്റു. അടുത്ത രണ്ട് മത്സരങ്ങളില്‍ ബുമ്ര തിരിച്ചെത്തുമ്പോള്‍ വ്യക്തത വരും. പരിക്കില്‍ നിന്ന് തിരിച്ചെത്തുന്ന ഉടനെ ബുമ്ര മത്സരം വിജയിപ്പിക്കും എന്ന് പറയാനാവില്ല. ലഭ്യമായ താരങ്ങളെ മാനേജ്‌മെന്‍റ് ഉപയോഗപ്പെടുത്തണം. ലോകകപ്പ് അടുത്തിരിക്കേ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം താഴുകയാണ്. 

ഓസ്ട്രേലിയയുടെ റണ്‍ ചേസില്‍ ഒരുസമയത്തും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം നേടാനായില്ല. ഓസ്ട്രേലിയ കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികളും സ്ഥിരതയോടെ സിംഗിളുകളും നേടിക്കൊണ്ടിരുന്നു. രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവിന്‍റെ ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ ഒരൊറ്റ ഓവറില്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കടിഞ്ഞാണ്‍ ലഭിച്ചില്ല. കഴിവിന്‍റെ പ്രശ്മല്ല, പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ പാളിച്ചയാവാനേ തരമുള്ളൂ' എന്നും ആര്‍പി സിംഗ് ക്രിക്‌ബസിനോട് കൂട്ടിച്ചേര്‍ത്തു. 

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ സ്വന്തം മണ്ണില്‍ 208 റൺസ് നേടിയിട്ടും ബൗള‍ർമാർക്ക് ഓസ്ട്രേലിയയെ പിടിച്ചുനിർത്താനായില്ല. നാലോവർ വീതമെറിഞ്ഞ ഭുവനേശ്വർ കുമാർ 52 ഉം ഹർഷൽ പട്ടേൽ 49 ഉം റൺസ് വിട്ടുനൽകി. ഇരുവർക്കും വിക്കറ്റ് വീഴ്ത്താനുമായില്ല. ഉമേഷ് യാദവ് ഇരുപത്തിയേഴ് റൺസും ഹാർദിക് പാണ്ഡ്യ ഇരുപത്തിരണ്ടും റൺസ് രണ്ടോവറിൽ വിട്ടുനൽകി. 3.2 ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ 42 റണ്‍സ് വഴങ്ങിയപ്പോള്‍ നാല് ഓവറില്‍ 17ന് മൂന്ന് പേരെ മടക്കിയ അക്‌സര്‍ പട്ടേലിന് മാത്രമാണ് തിളങ്ങാനായത്. മത്സരത്തില്‍ നാല് വിക്കറ്റിന് ഓസീസിനായിരുന്നു വിജയം. 

ഈ കളിയാണേല്‍ ലോകകപ്പിലും ഭൂമി തൊടില്ല! എയറില്‍ നിന്നിറങ്ങാതെ ഇന്ത്യന്‍ പേസര്‍മാര്‍; മുന്നറിയിപ്പുമായി രോഹിത്