കറാച്ചി: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പുകഴ്ത്തി പാക് യുവ പേസര്‍ നസീം ഷാ.  ഏത് തരം പന്തുകളും കളിക്കാനുള്ള രോഹിത്തിന്റെ മികവിനെ പ്രശംസിച്ച നസീം ഷാ രോഹിത്തിന്റെ വിക്കറ്റെടുക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്നും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് പതിനാറുകാരനായ നസീം ഷാ പാക്കിസ്ഥാനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കക്കെതിരെ നാട്ടില്‍ നടന്ന ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ നസീം ഷാ ബംഗ്ലാദേശിനെതിരായ ഹാട്രിക്ക് നേടി ടെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഹാട്രിക്കിന് ഉടമയായിരുന്നു.

രോഹിത്തിന് എത് തരം പന്തുകളും കളിക്കാനാവും. ഷോര്‍ട്ട് പിച്ച് പന്തുകളോ ഗുഡ് ലെംഗ്ത്ത് പന്തുകളോ എന്തു തന്നെയാകട്ടെ, അദ്ദേഹം അനായാസം നേരിടും.  അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ തന്നെയാണ് അതിനുള്ള തെളിവ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിക്കറ്റെടുക്കുക എന്നെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരവും-നസീം പറഞ്ഞു.രോഹിത്തിനെ പോലെ താന്‍ ഏറെ ആരാധിക്കുന്ന ബാറ്റ്സ്മാനാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തെന്നും നസീം ഷാ പറഞ്ഞു. അസാധാരണ ശൈലിയില്‍ ബാറ്റ് വീശുന്ന സ്മിത്തിന്റെ വിക്കറ്റെടുക്കാന്‍ കഴിയുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും നസീം ഷാ പറഞ്ഞു. സ്മിത്തിനെതിരെ പന്തെറിയാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പുറത്താക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ ഫോം കണക്കിലെടുത്താല്‍ അദ്ദേഹത്തിന്റെ വിക്കറ്റ് എടുക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്.

സ്വപ്ന ഹാട്രിക്ക് നേടുകയാണെങ്കില്‍ ആരെയൊക്കെയാണ് തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കാന്‍ ആഗ്രഹിക്കുന്നത് എന്നും നസീം ഷാ തുറന്നു പറഞ്ഞു. രോഹിത് ശര്‍മയെയും, സ്റ്റീവ് സ്മിത്തിനെയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നസീം ഷാ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ടീമിനൊപ്പമുള്ള നസീം ഷായ്ക്ക് ജോ റൂട്ടിനെ പുറത്താക്കാനുള്ള അവസരമുണ്ട്.