ദില്ലി: ഐപിഎല്‍ ലേലം വിലക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയയാള്‍ക്ക് 25,000 രൂപ പിഴ വിധിച്ച് ദില്ലി ഹൈക്കോടതി. മനുഷ്യക്കടത്തിന് സമാനമാണ് ഐപിഎല്‍ ലേലങ്ങളും എന്നാരോപിച്ച് സുധീര്‍ ശര്‍മ എന്നയാളാണ് ഹര്‍ജി നല്‍കിയത്. ഇത് പൊതുതാല്‍പ്പര്യ ഹര്‍ജിയല്ല പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയാണെന്ന് ഹര്‍ജി തള്ളിയ ജസ്റ്റിസ് സി ഹരിശങ്കര്‍ അഭിപ്രായപ്പെട്ടു. 

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കോര്‍പ്പറേറ്റ് കമ്പനികള്‍ ലേലത്തിലൂടെ ക്രിക്കറ്റ് താരങ്ങളെ വിലപേശി വാങ്ങുന്നത് മനുഷ്യക്കടത്തിന് തുല്യമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇത്തരം ലേലങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതവും വളര്‍ത്തുന്നതിന് കാരണമാകുന്നെന്നും ഹര്‍ജിയില്‍ സുധീര്‍ ശര്‍മ ആരോപിക്കുന്നു.