എല്ലാം ബിസിസിഐക്ക് തോന്നുംപടി? അഹമ്മദാബാദിലെ ഫൈനല്‍ പിച്ചിനെ ചൊല്ലി വിവാദം, ഐസിസി പ്രതിനിധി മൈതാനത്തില്ല!
ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പിച്ച് മാറ്റിയതായി കടുത്ത വിവാദമുയര്‍ന്നിരുന്നു
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലും പിച്ച് വിവാദം പുകഞ്ഞുതുടങ്ങി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഐസിസിയുടെ മേല്‍നോട്ടമില്ലാതെ ഇന്ത്യന്‍ ക്യുറേറ്റര്‍ ആണ് പിച്ച് തയ്യാറാക്കുന്നത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ഐസിസിയുടെ പിച്ച് കണ്‍സല്‍ട്ടന്‍റായ ആന്‍ഡി അറ്റ്‌കിന്‍സണ്‍ മത്സര തലേന്നായ ഇന്ന് മാത്രമേ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സ്റ്റേഡിയത്തിലെത്തൂ എന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്‌ച മാത്രമാണ് ആന്‍ഡി അറ്റ്‌കിന്‍സണ്‍ അഹമ്മദാബാദില്‍ എത്തിച്ചേര്‍ന്നത്. ലോകകപ്പിലെ പിച്ചുകളെ ചൊല്ലി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ വലിയ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് അഹമ്മദാബാദില്‍ നിന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ആന്‍ഡി അറ്റ്‌കിന്‍സണെ ബിസിസിഐക്ക് താല്‍പര്യമില്ല എന്ന് ഇന്‍സൈഡ്‌സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലിലെ പിച്ച് ബിസിസിഐ അവസാന നിമിഷം മാറ്റിയതായി ആന്‍ഡി ആരോപിച്ചിരുന്നു. സ്ലോ ബാറ്റിംഗ് ട്രാക്കാണ് ഫൈനലിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒരുക്കുന്നത് എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ, ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പിച്ച് മാറ്റിയതായി കടുത്ത വിവാദമുയര്‍ന്നിരുന്നു. മത്സരം ഇന്ത്യക്ക് അനുകൂലമാക്കാന്‍ അവസാന നിമിഷം ബിസിസിഐ പിച്ച് മാറ്റിയെന്നായിരുന്നു ആരോപണം. മുന്‍ തീരുമാനപ്രകാരം ലോകകപ്പില്‍ വാങ്കഡെയില്‍ നടക്കുന്ന സെമി ഉള്‍പ്പെടെയുള്ള അഞ്ച് മത്സരങ്ങള്‍ക്ക് 6-8-6-8-7 പിച്ചുകളാണ് യഥാക്രമം ഉപയോഗിക്കേണ്ടിയിരുന്നത്. 6-8-6-8 എന്ന രീതിയില്‍ മാറ്റിമറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 'ക്യൂറേറ്ററുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള തീരുമാനമെടുക്കാറ്. മാറ്റത്തെക്കുറിച്ച് ഐസിസിയുടെ പിച്ച് കണ്‍സള്‍ട്ടന്‍റിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തിന് മുമ്പ് പിച്ച് മാറ്റരുതെന്ന് പറയുന്ന തരത്തിലുള്ള നിയമങ്ങളൊന്നുമില്ല' എന്നും വിവാദത്തിന് പിന്നാലെ ഐസിസി പ്രതികരിച്ചിരുന്നു.
Read more: 'ഒരു ഫോണ്‍ കോള്‍ പ്രതീക്ഷിച്ചു, മിസ് യൂ'; മരണമടഞ്ഞ പിതാവിനെ കുറിച്ചോര്‍ത്ത് വിതുമ്പി മുഹമ്മദ് സിറാജ്