'ഒരു ഫോണ്‍ കോള്‍ പ്രതീക്ഷിച്ചു, മിസ് യൂ'; മരണമടഞ്ഞ പിതാവിനെ കുറിച്ചോര്‍ത്ത് വിതുമ്പി മുഹമ്മദ് സിറാജ്
ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിന്‍റെയും അപമാനിതനായ കരിയറിന്‍റേയും ഭൂതകാലമുണ്ട് മുഹമ്മദ് സിറാജിന്

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലേക്ക് ടീം ഇന്ത്യ മുന്നേറിയതിന് പിന്നാലെ ആരാധകരെ കരയിച്ച് പേസര്‍ മുഹമ്മദ് സിറാജിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസ്. ഫൈനലിലെത്തിയതില്‍ സന്തോഷമുണ്ടെങ്കിലും അത് കാണാൻ അച്ഛനില്ലല്ലോയെന്ന ദുഖമാണ് സിറാജിന്. സിറാജിന്‍റെ ഇന്‍സ്റ്റ സ്റ്റാറ്റസ് ആരാധകരെയും കണ്ണീരിലാഴ്‌ത്തി.
ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിന്‍റെയും അപമാനിതനായ കരിയറിന്‍റേയും ഭൂതകാലമുണ്ട് മുഹമ്മദ് സിറാജിന്. ലോകകപ്പ് ഫൈനലിലെത്തി ആനന്ദക്കണ്ണീർ തുടയ്ക്കുമ്പോൾ തനിക്കായി ജീവിതം മാറ്റിവച്ച ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അച്ഛന്‍റെ മുഖമായിരുന്നു സിറാജിന്‍റെ മനസിൽ. ഓരോ വിജയത്തിലും പ്രചോദിപ്പിച്ചും ഓരോ പരാജയത്തിലും ആശ്വാസത്തിന്‍റെ തണലുമായുള്ള ഫോൺകോളുകൾ സിറാജിന് അച്ഛനില്‍ നിന്ന് ലഭിച്ചിരുന്നു. ഇതെല്ലാം ഓർത്തെടുത്തായിരുന്നു ലോകകപ്പ് ഫൈനല്‍ പ്രവേശത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ മുഹമ്മദ് സിറാജിന്‍റെ കുറിപ്പ്.
രണ്ട് വർഷം മുൻപായിരുന്നു പിതാവ് മുഹമ്മദ് ഘൗസിന്‍റെ മരണം. അന്ന് ഓസ്ട്രേലിയയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുകയായിരുന്നു മുഹമ്മദ് സിറാജ്. കൊവിഡ് പ്രതിസന്ധിയിൽ താരങ്ങളെ വ്യത്യസ്ത മുറികളിലാക്കി പരിശീലനത്തിന് മാത്രം ഗ്രൗണ്ടിലിറക്കുന്ന കാലം. അച്ഛന്‍റെ മരണവാർത്തയറിഞ്ഞ് പൊട്ടിക്കരയുന്ന സിറാജിനെ ആശ്വസിപ്പിക്കാൻ പോകാനുള്ള അനുവാദം പോലും സഹതാരങ്ങൾക്കുണ്ടായിരുന്നില്ല. സിറാജ് നാട്ടിലേക്ക് മടങ്ങിയാൽ ടീം തിരിച്ചടി നേരിടുമെന്ന് മനസിലാക്കി അന്നത്തെ കോച്ച് രവി ശാസ്ത്രി സഹപരിശീലകർക്കൊപ്പം സിറാജിനോട് വീഡിയോ കോൾ വഴി സംസാരിച്ചു. സിറാജിനെ ഇന്ത്യൻ ജേഴ്സിയണിയിക്കാൻ ജീവിതം മാറ്റിവച്ച പിതാവിന്‍റെയും ആഗ്രഹം മത്സരം കളിക്കുകയെന്നതാകുമെന്ന വാക്കുകൾ ഹൃദയത്തിലേറ്റുവാങ്ങി സിറാജ് കളത്തിലിറങ്ങി.
ഇന്ത്യയുടെ യുവനിര ഓസീസിനെതിരെ ചരിത്ര ജയം നേടുമ്പോൾ നെടുന്തൂണായി മുഹമ്മദ് സിറാജുമുണ്ടായിരുന്നു. ഓരോ വിക്കറ്റ് നേട്ടവും പിതാവിന് സമർപ്പിച്ച് സിറാജ് ഇന്ത്യക്ക് ഊർജമായി. പരമ്പര വിജയത്തോടെയാണ് പിതാവിന്‍റെ ഖബറിൽ സിറാജ് പ്രാർത്ഥിച്ചത്. ലോകകിരീടം കൈയ്യകലെ നിൽക്കുമ്പോൾ അന്നത്തെ ഓർമകൾ സിറാജിന് ഊർജം നൽകുമെന്ന് ഉറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം