മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിദേശ പരമ്പരകളിലെ അലവന്‍സ് ഇരട്ടിയാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കും പരിശീലകസംഘത്തിനും നേരത്തെ ലഭിച്ചിരുന്ന ദിവസബത്തയായ 8,899.65 രൂപയ്‌ക്ക് പകരം 17,799.30 നല്‍കാനാണ് വിനോദ് റായ് സമിതിയുടെ പുതിയ തീരുമാനം എന്നാണ് മുംബൈ മിററിന്‍റെ റിപ്പോര്‍ട്ട്. 

മാച്ച് ഫീ, ബിസിനസ് ക്ലാസ് യാത്ര, താമസം, തുടങ്ങിയവയ്‌ക്ക് പുറമെയാണ് ഈ ആനുകൂല്യം താരങ്ങള്‍ക്ക് ലഭിക്കുക. ഹോം മത്സരങ്ങളില്‍ ലഭിക്കുന്ന അലവന്‍സില്‍ മാറ്റമുണ്ടാകില്ല. അടുത്തിടെ സെലക്‌ടര്‍മാരുടെ ഹോം അലവന്‍ഡും വര്‍ധിപ്പിച്ചിരുന്നു. 3500 നിന്ന് 7500 രൂപ ആയാണ് വര്‍ധിപ്പിച്ചത്. 

വിരാട് കോലിക്ക് കീഴില്‍ വിദേശത്ത് ഇന്ത്യന്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് അലവന്‍സ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി വിന്‍ഡീസിനെതിരെ രണ്ട് മത്സരങ്ങളിലും അടുത്തിടെ ഇന്ത്യ ജയിച്ചിരുന്നു. ഈ വര്‍ഷം ഇനി കൂടുതല്‍ ഹോം മത്സരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ടീം ഇന്ത്യ 2020 ആദ്യത്തോടെ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്നുണ്ട്.