ഭീമൻ തുകയ്ക്ക് നിലനിര്‍ത്തിയും എത്തിച്ചുമെല്ലാം കിരീട മോഹിച്ച ടീമുകളേയും ആരാധകരേയും നിരാശയിലാക്കിയവര്‍

താരപ്പകിട്ട്, പ്രതീക്ഷയുടെ അമിതഭാരം, അതിന് മുകളില്‍ വെക്കുന്ന പണക്കിഴി. ഈ ചുഴിയില്‍ക്കിടന്ന് വലഞ്ഞുപോയ ഇതിഹാസങ്ങള്‍ വരെയുണ്ട് ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍. ഇത്തവണയും അതിന് മാറ്റമില്ല. ഭീമൻ തുകയ്ക്ക് നിലനിര്‍ത്തിയും എത്തിച്ചുമെല്ലാം കിരീട മോഹിച്ച ടീമുകളേയും ആരാധകരേയും നിരാശയിലാക്കിയവര്‍. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. 

ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയ റിഷഭ് പന്ത്. 27 കോടി രൂപയാണ് പന്തിന്റെ മൂല്യം. എന്നാല്‍, സീസണില്‍ ഇതുവരെ ബാറ്റുകൊണ്ട് തിളങ്ങാൻ ഇടം കയ്യൻ ബാറ്റര്‍ക്കായിട്ടില്ല. പത്ത് കളികളില്‍ നിന്ന് നേടിയത് 110 റണ്‍സ്, സ്ട്രൈക്ക് റ്റേറ്റ് നൂറിനും താഴെ. തന്റെ ബാറ്റിംഗ് മികവിന്റെ കണിക പോലും പുറത്തുകൊണ്ടുവരാൻ സാധിക്കാതെ പോയിരിക്കുന്നു പന്തിന്.

കഴിഞ്ഞ രണ്ട് സീസണിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വെങ്കിടേഷ് അയ്യര്‍ക്ക് 23.75 കോടി നല്‍കാൻ കൊല്‍ക്കത്തയെ പ്രേരിപ്പിച്ചത്. ഇത്തവണ വെങ്കിടേഷിന്റെ ബാറ്റ് നിശബ്ദമാണ്. 10 തവണ ക്രീസിലെത്തിയപ്പോള്‍ സ്കോര്‍ ചെയ്യാനായത് 142 റണ്‍സ്. ഒരു അര്‍ദ്ധ സെഞ്ച്വറിയും പേരിലുണ്ട്. വെങ്കിടേഷിന്റെ മോശം ഫോം കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയ്ക്ക് തന്നെ വില്ലനായി മാറിയിരിക്കുകയാണ്.

ജഡേജയെ പതിവുപോലെ ചെന്നൈ നിലനിര്‍ത്തി, 18 കോടി രൂപയ്ക്ക്. സീസണില്‍ ചെന്നൈ തിരിച്ചടികളുടെ പാതയിലാണ്. ടൂർണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു. പക്ഷേ, തന്റെ പരിചയസമ്പത്തും ഓള്‍റൗണ്ട് മികവും ജഡേജയ്ക്ക് കളത്തില്‍ ഇത്തവണ പ്രകടമാക്കാനായില്ല. ഏഴ് വിക്കറ്റും 183 റണ്‍സുമാണ് ഇതുവരെയുള്ള നേട്ടം.

റിയാൻ പരാഗ്, രാജസ്ഥാന്റെ നിലവിലെ നായകൻ. 14 കോടിക്കാണ് രാജസ്ഥാൻ പരാഗിനെ നിലനിര്‍ത്തിയത്. സീസണിലുടനീളം മികച്ച തുടക്കങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും ഒരു മാച്ച് വിന്നിങ് ഇന്നിങ്സാക്കി മാറ്റാൻ യുവതാരത്തിന് കഴിഞ്ഞിട്ടില്ല. 

പരാഗിന്റെ മറ്റൊരു പതിപ്പാണ് രാജസ്ഥാനിലെ സഹതാരം തന്നെയായ ദ്രുവ് ജൂറല്‍. 14 കോടിയുടെ മൂല്യമുണ്ട് ജൂറലിന്. രാജസ്ഥാന്റെ കൈവശമുണ്ടായിരുന്ന പലകളിലും അവസാന നിമിഷം വരെ ക്രീസിലുണ്ടായിട്ടും ജൂറലിന് ജയിപ്പിക്കാനാകാതെ പോയി. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും താരം നേരിടുന്നുണ്ട്.

യഷ് ദയാലിനെതിരെ നേടിയ അഞ്ച് സിക്സുകൊണ്ട് റേഞ്ച് മാറിയ റിങ്കു സിങ്ങിന് കൊല്‍ക്കത്ത നല്‍കിയത് 13 കോടി രൂപയാണ്. പത്ത് കളികളില്‍ നിന്ന് 169 റണ്‍സാണ് നേട്ടം. ഫിനിഷര്‍ റോളില്‍ റിങ്കുവിനും സീസണില്‍ തിളങ്ങാനായിട്ടില്ല എന്ന് മാത്രമല്ല കൂറ്റൻ സ്ട്രൈക്ക് റേറ്റുള്ള ഒരു ഇന്നിങ്സ് സമ്മാനിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു താരം.

ഈ ഐപിഎല്ലിലെ ഏറ്റവും വലിയ നിരാശകളിലൊന്നായി മാറുകയാണ് കൊല്‍ക്കത്തയുടെ തന്നെ ആന്ദ്ര റസല്‍. താരം ക്രീസിലുണ്ടെങ്കില്‍ കളി കൈപ്പിടിയിലാണെന്ന പറച്ചിലൊക്കെ പഴങ്കതയാവുകയാണ് നിലവില്‍. 10 കളികളില്‍ നിന്ന് 72 റണ്‍സ്, എട്ട് വിക്കറ്റുമായി പന്തുകൊണ്ട് ഭേദപ്പെട്ട പ്രകടനം.

സണ്‍റൈസേഴ്സിന്റെ ആവനാഴിയിലെ പുതിയ അസ്ത്രമായിരുന്നു ഇഷാൻ കിഷൻ. 11.25 കോടിയുടെ വരവ് സെഞ്ച്വറിയിലൂടെ ഗംഭീരമാക്കിയെങ്കിലും പിന്നീട് തുടര്‍പരാജയങ്ങള്‍. മുംബൈക്കെതിരായ മത്സരത്തിലെ മോശം തീരുമാനവും ഇഷാന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമായി.

ഷിമ്രോണ്‍ ഹെറ്റ്മയറും പത്ത് കോടിക്ക് മുകളില്‍ മൂല്യമുള്ള താരമാണ്. ജൂറലിന് സമാനമായി രാജസ്ഥാന്റെ ഫിനിഷര്‍ റോളാണ് ഹെറ്റ്മയറും വഹിക്കുന്നത്. പക്ഷേ, ഉത്തരവാദിത്തം നിര്‍വഹിക്കാൻ വിൻഡീസ് താരത്തിനുമാകാതെ പോകുന്നു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സ്റ്റാർക്കിന്റെ മികവിനെ അവസാന ഓവറുകളിലും സൂപ്പർ ഓവറിലും മറികടക്കാൻ വിൻഡീസ് താരത്തിന് കഴിയാതെ പോയിരുന്നു.

ട്വന്റി 20 ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ ബൗളറായിരുന്ന രവി ബിഷ്ണോയ്ക്ക് ഈ സീസണ്‍ ഒരു ദുസ്വപ്നത്തിന് സമാനമാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍ ബിഷ്ണോയ് ആണ്. 10 കളികളില്‍ നിന്ന് 375 റണ്‍സാണ് വഴങ്ങിയത്. ഒൻപത് വിക്കറ്റും നേടി. 11 കോടി രൂപയാണ് ലക്നൗ ബിഷ്ണോയ്ക്ക് നല്‍കുന്ന തുക.

പത്ത് കോടി രൂപയ്ക്ക് പാറ്റ് കമ്മിൻസിന് കൂട്ടായി എത്തിച്ച മുഹമ്മദ് ഷമിക്കും റണ്ണൊഴുക്കിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പഞ്ചാബ് കിങ്സിനെതിരെ നാല് ഓവറില്‍ 75 റണ്‍സ് വരെ ഷമി വഴങ്ങി. ഒരു ഇന്ത്യൻ ബൗളറുടെ ഐപിഎല്ലിലെ ഏറ്റവും മോശം പ്രകടനം. 

9.75 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ അശ്വിനാണ് മറ്റൊരു താരം. ചെപ്പോക്കില്‍ അശ്വിൻ മാജിക്കുണ്ടാകുമെന്ന് കരുതിയ എം എസ് ധോണിക്ക് പിഴയ്ക്കുകയായിരുന്നു. സീസണില്‍ ചെപ്പോക്കിലും പുറത്തും അശ്വിൻ നിറം മങ്ങിയ. സീസണിന്റെ പാതി വഴി മുതല്‍ അശ്വിന്റെ സ്ഥാനം ഡഗൗട്ടിലുമാണ്.

9 കോടിക്ക് ഡല്‍ഹി ടീമിലെത്തിച്ച ജേക്ക് ഫ്രേസര്‍ മക്‌ഗൂര്‍ക്ക്, 8.75 കോടി രൂപയ്ക്ക് ബെംഗളൂരുവിലെത്തിയ ലിയാം ലിവിങ്സ്റ്റണ്‍, 7.5 കോടി രൂപയ്ക്ക് ലക്നൗ ജഴ്സിയിലെത്തിയ ഡേവിഡ് മില്ലര്‍ എന്നിവരാണ് നിരാശപ്പെടുത്തിയ മറ്റുള്ളവര്‍.