ചെന്നൈക്ക് എവിടെയാണ് പിഴച്ചത് എന്ന് ചോദിക്കുന്നതിനേക്കാള്‍ ഉപരി, എവിടെയാണ് പിഴയ്ക്കാത്തത് എന്ന് ചോദിക്കുന്നതാകും ഉചിതമെന്ന് തോന്നുന്നു
മതീഷ പതിരാന ശ്രേയസ് അയ്യരിന്റെ ക്ലാസ് ചെപ്പോക്കില്‍ അറിയുകയാണ്. ചെന്നൈയുടെ കടുത്ത ധോണി ആരാധകൻ ശരവണനിലേക്ക് ക്യാമറ കണ്ണുകള്‍ ഫോക്കസ് ആവുന്നു. മഞ്ഞയണിഞ്ഞ അയാളുടെ മുഖം താഴ്ന്നിരിക്കുകയായിരുന്നു, നിരാശ, നിരാശ മാത്രം. ചെപ്പോക്കിലപ്പോള്‍ നിശബ്ദത ആയിരുന്നു. വിസിലടികള്‍ നിലച്ചിരുന്നു. ഈ നിമിഷം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ സീസണിന്റെ ആകെത്തുകയായിരുന്നു. കിരീട മോഹങ്ങള്‍ക്ക് തിരശീല വീണിരിക്കുന്നു.
ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ ആദ്യ നാലിലെത്താനാകാതെ ചെന്നൈ. എവിടെയാണ് പിഴച്ചത് എന്ന് ചോദിക്കുന്നതിനേക്കാള്‍ ഉപരി, എവിടെയാണ് പിഴയ്ക്കാത്തത് എന്ന് ചോദിക്കുന്നതാകും ഉചിതമെന്ന് തോന്നുന്നു. താരലേലം മുതല്‍ പഞ്ചാബിനെതിരെ കളത്തിലിറക്കിയ അന്തിമ ഇലവൻ വരെ നീളും വീഴ്ചകളുടെ പട്ടിക. എന്നാല്‍, ചില ശുഭസൂചനകള്‍ക്കൂടി നല്‍കിയാണ് ചെന്നൈ സീസണ്‍ അവസാനിക്കാൻ ഒരുങ്ങുന്നത്. അതിലേക്ക് എത്തും മുൻപ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്.
ഇന്റന്റില്ലാത്ത ബാറ്റിങ് നിര. സീസണില്‍ മറ്റ് ടീമുകളെല്ലാം അനായാസം സ്കോര്‍ 200 കടത്തുന്നു. സീസണില്‍ ചെന്നൈക്ക് അത് സാധിച്ചത് പത്ത് മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ്, പഞ്ചാബിനെതിരെ ചേസ് ചെയ്യുമ്പോള്‍. ഹൈ റിസ്ക്ക് ഗെയിം ബാറ്റര്‍മാര്‍ അഡാപ്റ്റ് ചെയ്യുമ്പോഴാണ് അപ്ഡേറ്റാക്കാതെ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് ചെന്നൈ തുടരുന്നത്.
സാം കറനും ഡിവാള്‍ഡ് ബ്രേവിസും ചേര്‍ന്ന് പഞ്ചാബ് ബൗളര്‍മാരെ നിരന്തരം ബൗണ്ടറി കടത്തിയ മധ്യ ഓവറുകളില്‍ മാത്രമാണ് സീസണില്‍ ചെന്നൈ ഒരു ട്വന്റി 20 വേഷമണിഞ്ഞത്. ബെംഗളൂരുവിന് കോലിയെ പോലെ, മുംബൈക്ക് സൂര്യകുമാറിനെ പോലെ, പഞ്ചാബിന് ശ്രേയസിനെ പോലെ, ഗുജറാത്തിന് ബട്ട്ലറിനെ പോലെ മധ്യനിരയില്‍ നിലയുറപ്പിക്കാൻ ഒരു ബാറ്റര്‍ ചെന്നൈക്കില്ലാതെ പോയി. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള എല്ലാ ടീമുകള്‍ക്കും അത്തരമൊരു താരമുണ്ട്.
റുതുരാജ് ഗെയ്ക്വാദിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കില്‍ ഒരുപരിധിവരെ ഈ പോരായ്മ നികത്താൻ സാധിക്കുമായിരുന്നു. പവര്‍ ഹിറ്ററായി ശിവം ദുബെ ഉണ്ടായിരുന്നെങ്കിലും പലപ്പോഴും അതിസമ്മര്‍ദ സാഹചര്യങ്ങളിലായിരുന്നു താരം ക്രീസിലെത്തിയിരുന്നത്.
ഇനി ചെപ്പോക്കിലേക്ക് വരാം. കഴിഞ്ഞ രണ്ട് വർഷത്തെ മത്സരങ്ങളെടുത്താല്‍ ചെന്നൈയിലെ വിക്കറ്റ് കുറച്ച് വേഗത കുറഞ്ഞതാണ്. അത് കണക്കാക്കിയായിരിക്കണം ഒരു സ്പിൻ ഡൊമിനേറ്റഡായ ബൗളിങ് നിരയെ ചെന്നൈ ഒരുക്കിയത്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ്, രചിൻ രവീന്ദ്ര...ഇതായിരുന്നു സ്പിൻ പട്ടിക. അശ്വിനും ജഡേജയും നിറം മങ്ങി, നൂറിന് തിളങ്ങാനായത് ആദ്യ മത്സരങ്ങളില്‍ മാത്രം.
അശ്വിന്റേയും ജഡേജയുടേയും പ്രകടനങ്ങളായിരിക്കാം ഒരുപക്ഷെ എല്ലാവര്‍ക്കും അത്ഭുതമായത്. പരിചയസമ്പത്തിന്റെ നിഴല്‍ പോലും പന്ത് കയ്യിലെത്തിയപ്പോള്‍ ഭൂരിഭാഗം മത്സരങ്ങളിലും ഇരുവര്‍ക്കും പുറത്തെടുക്കാനായില്ല. ജഡേജ ഏഴും അശ്വിൻ അഞ്ചും വിക്കറ്റ് മാത്രമാണ് എടുത്തത്. അശ്വിന് സീസണിന്റെ പാതിയില്‍ കയ്യൊഴിയേണ്ടതായും വന്നു. ചെപ്പോക്കിലെ അഞ്ച് തോല്‍വികളുടെ കാരണം ഈ പാളിയ തന്ത്രം കൂടിയാണ്.
പരിചയസമ്പത്തില്‍ തന്നെയാണ് ചെന്നൈ എല്ലാക്കാലവും വിശ്വാസം അര്‍പ്പിച്ചിരുന്നത്. അമ്പട്ടി റായുഡു, അജിങ്ക്യ രഹാനെ, റോബിൻ ഉത്തപ്പ, ഇമ്രാൻ താഹിര്‍...തുടങ്ങിയ വയസൻപടയെ വെച്ച് കിരീടം ചൂടിയ പാരമ്പര്യവുമുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചത്. പക്ഷേ, മാറിയ കളിരീതിക്കൊത്ത് സഞ്ചരിക്കാൻ ലോകക്രിക്കറ്റിലെ തന്നെ മികച്ച തന്ത്രശാലികളില്‍ ഒരാളായ ധോണിക്കായില്ലെന്ന് പറയാം.
വൈഭവ് സൂര്യവംശി, പ്രിയാൻഷ് ആര്യ, അംഗ്രിഷ് രഘുവൻശി, സായ് സുദര്‍ശൻ, വിഘ്നേഷ് പുത്തൂര്‍, അശ്വനി കുമാര്‍, അഭിഷേക് പോറല്‍...തുടങ്ങിയ യുവതാരങ്ങള്‍ ഫിയര്‍ലെസ് ക്രിക്കറ്റ് എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത സീസണ്‍ കൂടിയാണിത്. മറ്റ് ടീമുകള്‍ ടാലന്റ് പരമാവധി ഉപയോഗിക്കുമ്പോഴാണ് ആയുഷ് മാത്രെ, ഷെയ്ഖ് റഷീദ്, വൻഷ് ബേദി തുടങ്ങിയ താരങ്ങളെ ചെന്നൈ കാത്തുവെച്ചത്.
ആയുഷും ഷെയ്ഖും ബ്രേവിസും ഇലവനിലേക്ക് എത്തിയപ്പോള്‍ തന്നെ ചെന്നൈയുടെ സമീപനത്തില്‍ മാറ്റമുണ്ടായി. പവര്‍പ്ലേയില്‍ റണ്ണൊഴുകി തുടങ്ങി. ഇതുതന്നെയാണ് മുന്നോട്ടുള്ള യാത്രയില്‍ ചെന്നൈയ്ക്ക് പോസിറ്റീവായുള്ളതുമെന്നും പറഞ്ഞുവെക്കാം. ഷെയ്ഖ് റഷീദിന് താനൊരു ട്വന്റി 20 പ്രോഡക്റ്റാണെന്നത് തെളിയിക്കേണ്ടതുണ്ട്, എങ്കിലും യുവനിരയുടെ വരവ് ചെന്നൈക്കൊരു വീണ്ടെടുപ്പ് സമ്മാനിച്ചേക്കും.
റുതുരാജിന്റെ നായക കസേരയ്ക്ക് വിള്ളല്‍ വീഴുമോയെന്നതാണ് മറ്റൊരു ചോദ്യം. കഴിഞ്ഞ സീസണിലും ഈ സീസണിലും റുതുരാജിന്റേത് ശരാശരി പ്രകടനമായിരുന്നെന്ന് പറയാം. പോയിന്റ് പട്ടിക വ്യക്തമാക്കുന്നതും അതുതന്ന. മറ്റൊരു സീസണിന് ധോണി ഒരുങ്ങുമോയെന്നതിലും വ്യക്തത വന്നിട്ടില്ല. അതുകൊണ്ട് പുതുക്കുപണിയാനേറയുണ്ട് ചെന്നൈക്ക്. ചാമ്പ്യൻ ടീമാണ്. അഞ്ച് തവണ കിരീടം ചൂടിയ ചരിത്രമുണ്ട്...തിരിച്ചുവരവും സാധ്യമാണ്.


