ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഷാഹിദ് അഫ്രീദിയെ ആദ്യ പന്തില്‍ പുറത്താക്കിയ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് പേസര്‍ ഹാരിസ് റൗഫിനോട് ഒരു അഭ്യര്‍ത്ഥനയുമായി ഷാഹിദ് അഫ്രീദി. റൗഫിന്‍റേത് കളിക്കാന്‍ പറ്റാത്ത യോര്‍ക്കറായിരുന്നുവെന്നും അടുത്ത തവണ തനിക്കെതിരെ പന്തെറിയുമ്പോള്‍ കുറച്ചുകൂടി വേഗം കുറച്ചെറിയണമെന്നും അഫ്രീദി ട്വിറ്ററില്‍ അഭ്യര്‍ത്ഥിച്ചു.

അഫ്രീദിയുടെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ എലിമിനേറ്ററില്‍ കീഴടക്കി ഫൈനലിലെത്തിയ ലാഹോര്‍ ക്യുലാന്‍ഡേഴ്സിനെ അഫ്രീദി അഭിനന്ദിക്കുകയും ചെയ്തു. സീസണില്‍ ടീമിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അഫ്രീദി കുറിച്ചു.

എലിമിനേറ്ററില്‍ അഫ്രീദിയെ പുറത്താക്കിയശേഷം ഹാരിസ് റൗഫ് കൈകൂപ്പി ക്ഷമാപണം നടത്തിയിരുന്നു.183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പതിനാലാം ഓവറില്‍ 116/5 എന്ന സ്കോറില്‍ നില്‍ക്കെയാണ് അഫ്രീദി ക്രീസിലെത്തിയത്.

38 പന്തില്‍ 67 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.  എന്നാല്‍ റൗഫിന്‍റെ ആദ്യ പന്തില്‍ തന്നെ അഫ്രീദി ക്ലീന്‍ ബൗള്‍ഡായി. ഇതിനുശേഷമാണ് അഫ്രീദിയെ റൗഫ് തൊഴുകൈയോടെ യാത്രയാക്കിയത്.

എലിമിനേറ്ററില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ മറികടന്ന ലാഹോര്‍ ക്യുലാന്‍ഡേഴ്സ് ഇന്ന് നടക്കുന്ന ഫൈനലില്‍ കറാച്ചി കിംഗ്സിനെ നേരിടും. മത്സരത്തില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റൗഫ് ഈ കലണ്ടര്‍ വര്‍ഷത്തില്‍ 50 ടി20 വിക്കറ്റുകള്‍ വീഴ്ത്തി റെക്കോര്‍ഡിടുകയും ചെയ്തു.