ദില്ലി: ഡല്‍ഹിയിലെ വായുമലിനീകരണം കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്നിന് ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി ഒക്ടോബര്‍ 31നാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയിലെത്തുക. ഒന്നിനും രണ്ടിനും ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെ മത്സരം നടക്കുന്ന അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന് പരിശീലന സെഷനുണ്ട്.

എന്നാല്‍ ഡല്‍ഹിയിലെ വായുമലിനീകരണം കാരണം തുറന്ന സ്റ്റേഡിയത്തില്‍ പരിശീലനം നടത്താനാവുമോ എന്നാണ് ആശങ്ക. അന്തരീക്ഷം മെച്ചപ്പെട്ടില്ലെങ്കില്‍ പരിശീലന സെഷന്‍ നിര്‍ബന്ധമാക്കാതിരിക്കുന്ന കാര്യവും ആലോചനയിലുണ്ട്. മൂന്നിന് മത്സരം നടക്കുന്നത് രാത്രിയായതിനാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. രാവിലെയുള്ള പരിശീലന സെഷനെയും മോശം അന്തരീക്ഷം ബാധിക്കുമെന്നതിനാല്‍ ഇത് പൂര്‍ണമായും ഒഴിവാക്കിയേക്കും.

ബംഗ്ലാദേശ് ടീമിനെ ഒന്നിനും രണ്ടിനും രാവിലെ ഒമ്പത് മുതല്‍ 12വരെ സ്റ്റേഡിയത്തില്‍ പരിശീലന സെഷനുണ്ട്. എന്നാല്‍ ഇത് സാധ്യമാവില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. സൂര്യപ്രകാശം എത്തി അന്തരീക്ഷം മെച്ചപ്പെട്ടാല്‍ മാത്രമെ പരിശീലന സെഷന്‍ സാധ്യമാവു. മോശം അന്തരീക്ഷമാണെങ്കിലും മത്സരം മാറ്റില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.