ടീമിലെ പ്രധാന 'തീരുമാനങ്ങൾ എടുക്കുന്ന ആളുടെ' (ഗൗതം ഗംഭീർ) പിആർ ഏജൻസികൾ ഇനി തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയിൽ കെട്ടിവെക്കാൻ നോക്കുമെന്നും സ്വന്തം പിഴവുകൾ അവർ മൂടിവെക്കുമെന്നും മനോജ് തിവാരി.
കൊല്‍ക്കത്ത: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയോ ലോകകപ്പോ ഇന്ത്യ ജയിച്ചാൽ പോലും, അയർലൻഡിനോട് വഴങ്ങിയ ഈ കനത്ത പരാജയത്തെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ഉയരണമെന്ന് തിവാരി ആവശ്യപ്പെട്ടു. ടീമിലെ പ്രധാന 'തീരുമാനങ്ങൾ എടുക്കുന്ന ആളുടെ' (ഗൗതം ഗംഭീർ) പിആർ ഏജൻസികൾ ഇനി തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയിൽ കെട്ടിവെക്കാൻ നോക്കുമെന്നും സ്വന്തം പിഴവുകൾ അവർ മൂടിവെക്കുമെന്നും തന്‍റെ എക്സ് ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിയിൽ തിവാരി തുറന്നടിച്ചു.
ഇന്ത്യ ഒരുപക്ഷേ അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ജയിച്ചേക്കാം, അടുത്ത് നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കിയേക്കാം. എന്നാൽ അയർലൻഡിനോട് തോറ്റ ഈ ടി20 പരമ്പരയുടെ കാര്യമോ?. ആരാണ് ഇതിന് മറുപടി പറയുക? യഥാർത്ഥ പ്രശ്നം എന്താണെന്ന് ചൂണ്ടിക്കാണിക്കാൻ ഞാൻ നേരത്തെ പറഞ്ഞപ്പോൾ ആരും എന്നെ വിശ്വസിച്ചില്ല. ടീമിലെ യഥാർത്ഥ സൂത്രധാരന്‍റെ സുഹൃത്തുക്കളും പിആർ ഏജൻസികളും ചേർന്ന് ഈ തോൽവിയുടെ പാപകറ മുഴുവൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയില്‍ കെട്ടിവെക്കാൻ ഇപ്പോഴെ ചരടുവലിക്കാൻ തുടങ്ങുമെന്ന് തനിക്കറിയാമെന്നും മനോത് തിവാരി പറഞ്ഞു.
വെടിക്കെട്ട് ഓപ്പണര്‍ 15കാരന്‍ വൈഭവ് സൂര്യവംശിയെ രണ്ട് മത്സരങ്ങളിലും ബെഞ്ചിലിരുത്തിയ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തെയും തിവാരി രൂക്ഷമായി വിമര്‍ശിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് യുവതാരങ്ങളെ കൊണ്ടുവരാൻ ഇതിലും നല്ലൊരു അവസരം വേറെയില്ലായിരുന്നുവെന്ന് തിവാരി പറഞ്ഞു. എന്തുകൊണ്ടാണ് വൈഭവിനെ ആദ്യ മത്സരം മുതൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്?. അതിന് പകരം പഴയ കളിക്കാരെ വെച്ച് തന്നെ മുന്നോട്ട് പോകാനാണ് നിങ്ങൾ തീരുമാനിച്ചത്. നിങ്ങളുടെ പാർട്ട് ടൈം ഓൾറൗണ്ടർ ഭ്രമം (വാഷിംഗ്ടൺ സുന്ദർ) വിചാരിച്ച ഫലം തന്നില്ല. അതുകൊണ്ടാണ് ഒരൊറ്റ കളിക്ക് ശേഷം അദ്ദേഹത്തെ നിങ്ങൾക്ക് മാറ്റേണ്ടി വന്നതെന്നും തിവാരി കൂട്ടിച്ചേർത്തു.
അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ 34 റൺസിനും, കടുത്ത പോരാട്ടം നടന്ന രണ്ടാം ടി20യിൽ ഒരു റണ്ണിനും തോറ്റാണ് ഇന്ത്യ പരമ്പര കൈവിട്ടത്. 2023 പകുതിക്ക് ശേഷം ഇന്ത്യ വഴങ്ങുന്ന ആദ്യ ടി20 പരമ്പര തോൽവിയാണിത്. ജൂലൈ 1 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കുക.
