അമ്പാട്ടി റായുഡുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന സെലക്‌ടര്‍മാരുടെ നടപടിയോട് രൂക്ഷമായി പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ പ്രഗ്യാന്‍ ഓജ.
ഹൈദരാബാദ്: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അമ്പാട്ടി റായുഡുവിന് ഇടം നല്‍കാത്തതിലുള്ള പ്രതിഷേധം അടങ്ങുന്നില്ല. മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ക്കെതിരെ തുറന്നടിച്ചു. ഹൈദരാബാദ് ക്രിക്കറ്റര്‍മാരോട് കാട്ടുന്ന അനിതീയുടെ തുടര്‍ച്ചയാണിതെന്ന് ഓജ ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പ് ടീമില്‍ ഇടംലഭിക്കാതെ പോയതിന് പിന്നാലെ അമ്പാട്ടി റായുഡുവിന്‍റെ ഒരു ട്വീറ്റ് വലിയ ചര്‍ച്ചയായിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഓജയുടെ വാക്കുകള്‍. ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ 3ഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്നായിരുന്നു റായുഡുവിന്‍റെ ട്വീറ്റ്. ട്വീറ്റില്‍ ടീം സെലക്ഷനെ റായുഡു സ്വാഗതം ചെയ്യുകയാണെന്ന് വിലയിരുത്തലുകള്‍ വന്നു. എന്നാല്‍ വിജയ് ശങ്കര്‍ ത്രീഡയമെന്‍ഷണല്‍ കളിക്കാരനാണെന്ന മുഖ്യസെലക്ടറുടെ അഭിപ്രായത്തിനുള്ള പരോക്ഷ വിമര്‍ശനമാണ് ട്വീറ്റെന്നും വാദമുണ്ട്.
ലോകകപ്പ് ടീമില്‍ നിര്‍ണായകമായ നാലാം നമ്പറില്‍ പരിഗണിക്കപ്പെട്ടിരുന്ന പേരാണ് അമ്പാട്ടി റായുഡു. എന്നാല്‍ റായുഡുവിന് പകരം വിജയ് ശങ്കറെ ഉള്‍പ്പെടുത്തുകയായിരുന്നു ഇന്ത്യന്‍ സെലക്‌ടര്‍മാര്‍. ഇതിന് പിന്നാലെ ലോകകപ്പ് ടീം സെലക്‌ഷനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് പൊടിപൊടിക്കുന്നത്.
