ഹൈദരാബാദ്: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം പ്രഖ്യാന്‍ ഓജ. 33കാരനായ ഓജ 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ ബീഹാര്‍, ഹൈദരാബാദ്, ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായും ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും, മുംബൈ ഇന്ത്യന്‍സിനായും കളിച്ചു. 

2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ നടന്ന ടെസ്റ്റ് മത്സരമായിരുന്നു അവസാന രാജ്യാന്തര ടെസ്റ്റ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരവും ഇതായിരുന്നു.  ഓജയുടെ കരിയറിലെ ഒരേയൊരു 10 വിക്കറ്റ് നേട്ടം ഈ മത്സരത്തിലായിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ഓജയ്ക്ക് ടെസ്റ്റില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ സാധിച്ചിട്ടില്ല. 

24 ടെസ്റ്റുകളില്‍നിന്ന് 113 വിക്കറ്റുകളാണ് ഓജയുടെ സമ്പാദ്യം. അഞ്ചു തവണ ഏഴു വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഏകദിനത്തില്‍ 18 മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റുകള്‍ സ്വന്തമാക്കി. 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ട്വന്റി20യില്‍ ആറു മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 108 മത്സരങ്ങളില്‍നിന്ന് 424 വിക്കറ്റുകള്‍ സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ 103 മത്സരങ്ങളില്‍നിന്ന് 123 വിക്കറ്റും 142 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 156 വിക്കറ്റുകളും എറിഞ്ഞിട്ടു.

2010ല്‍ അഹമ്മദാബാദില്‍ ഓസീസിനെതിരെ പുറത്തെടുത്ത ബാറ്റിങ് എന്നെന്നും ഓര്‍ക്കപ്പെടുന്നത്. 216 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 124 റണ്‍സിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. ഒമ്പതാം വിക്കറ്റില്‍ ഇശാന്ത് ശര്‍മയ്‌ക്കൊപ്പം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ജയം സ്വന്തമാക്കുമെന്നരിക്കെ ഇശാന്ത് മടങ്ങി. പിന്നീട് വേണ്ടത് 11 റണ്‍സ്. ഓജ ക്രീസിലേക്ക്. സമ്മര്‍ദ്ദത്തിനിടയിലും 10 പന്തില്‍ താരം അഞ്ച് റണ്‍സ് നേടി പുറത്താവാതെ നിന്നു. ലക്ഷ്മണിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിച്ചു.