മീററ്റ്: മദ്യപിച്ച് തന്നെയും ഏഴ് വയസുള്ള മകനെയും ഇന്ത്യന്‍ മുന്‍ പേസര്‍ പ്രവീണ്‍ കുമാര്‍ മര്‍ദിച്ചെന്ന പരാതിയുമായി അയല്‍ക്കാരന്‍. പ്രവീണ്‍ തല്ലുകയും മകനെ തള്ളിയിടുകയും ചെയ്തു എന്നാണ് ദീപക് ശര്‍മ്മ എന്നയാളുടെ പരാതിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ കുറിച്ച് ദീപക് ശര്‍മ്മ പറയുന്നതിങ്ങനെ. 'ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മകനെ കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പ്രവീണ്‍ കുമാര്‍ കാറില്‍ നിന്നിറങ്ങുകയും ബസ് ഡ്രൈവറെ തെറിവിളിക്കുകയും ശേഷം തനിക്കുനേരെ തിരിയുകയും ചെയ്തു. അദേഹം മദ്യപിച്ച അവസ്ഥയിലായിരുന്നു. പ്രവീണിന്‍റെ ആക്രമണത്തില്‍ എന്‍റെ കൈക്ക് പൊട്ടലേറ്റു'- ദീപക് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായും ദീപക് ശര്‍മ്മ പറയുന്നു. പ്രവീണ്‍ എന്‍റെ മകനെയും ആക്രമിച്ചിരുന്നു. അവന്‍റെ നടുവിന് പരിക്കേറ്റു. എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. മാത്രമല്ല, തനിക്ക് വധഭീഷണികള്‍ ലഭിക്കുന്നതായും പരാതിക്കാരനായ ദീപക് ശര്‍മ്മ പറഞ്ഞു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പരാതിക്കാരനും പ്രവീണ്‍ കുമാറും അയല്‍ക്കാരാണ്. രണ്ടുപേരും സംഭവം പൊലീസില്‍ അറിയിച്ചു. അവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിച്ചുവരികയാണ്. ഉചിതമായ നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും മീററ്റ് സിറ്റി എസ്‌പി അഖിലേഷ് നാരായണ്‍ സിംഗ് വ്യക്തമാക്കി. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് പ്രവീണ്‍ കുമാര്‍ വിരമിച്ചത്. മുപ്പത്തിരണ്ടുകാരനായ പ്രവീണ്‍ ടീം ഇന്ത്യക്കായി ആറ് ടെസ്റ്റുകളും 68 ഏകദിനങ്ങളും 10 ടി20കളും കളിച്ചിട്ടുണ്ട്.