'രോഹിത് തന്റെ പ്രതിഭയോട് നീതി പുലര്‍ത്തിയില്ല'; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആമ്രെ

Synopsis
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആമ്രെ.
ദില്ലി: കഴിഞ്ഞ ദിവസമാണ് രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെയാണ് രോഹിത്തിന്റെ രാജി പ്രഖ്യാപനം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ പുതിയ നായകനെ നിയമിക്കേണ്ട ചുമതലയും ബിസിസിഐക്കുണ്ട്. ഇതിനിടെ രോഹിത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആമ്രെ. രോഹിത്തിന് തന്റെ കഴിവിനോട് നീതി പുലര്‍ത്താന്‍ സാധിച്ചില്ലെന്നാണ് ആമ്രെ പറഞ്ഞത്.
ആമ്രെയുടെ വാക്കുകള്‍... ''ഒരു ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തന്റെ കഴിവിനോട് അദ്ദേഹം നീതി പുലര്‍ത്തിയിട്ടില്ലെന്ന് എനിക്ക് എപ്പോഴും തോന്നുറുണ്ട്. രോഹിത്തിന് എപ്പോഴും ആ ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ആദ്യകാലങ്ങളില്‍ അദ്ദേഹം സ്ഥിരതയോടെ അല്ല കളിച്ചിരുന്നത്. തുടക്കത്തില്‍ അദ്ദേഹം ധാരാളം ഷോട്ടുകള്‍ കളിക്കുകയും ഔട്ട്ഫീല്‍ഡില്‍ പിടിക്കപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ തന്റെ കളി മനസ്സിലാക്കിക്കഴിഞ്ഞാല്‍ അദ്ദേഹം സ്ഥിരതയോടെ ബാറ്റുവീശി തുടങ്ങും. പക്ഷേ, അത് ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.''
നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്നും രോഹിത്തിന് പകരം പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യ അവസാനം കളിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടീമിനെ നയിച്ചത് രോഹിത്തായിരുന്നു. എന്നാല്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് അദ്ദേഹം സ്വയം മാറിനിന്നിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ കളിക്കുന്നത് തുടരുന്നമെന്ന് അദ്ദേഹം വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ.. ''ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കാന്‍ തീരുമാനിക്കുകയാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനായതില്‍ അഭിമാനമുണ്ട്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്ക് വേണ്ടി ഇനിയും കളിക്കും.'' രോഹിത് വ്യക്തമാക്കി.
2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു രോഹിത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. അവസാന ടെസ്റ്റ് കളിച്ച 2024ല്‍ ഓസ്ട്രേലിയക്കെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും. ഇതിനിടെ 67 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച രോഹിത് 116 ഇന്നിംഗ്സില്‍ നിന്ന് 4302 റണ്‍സ് നേടി. 40.58 ശരാശരിയുണ്ട് താരത്തിന്. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു ഇരട്ട സെഞ്ചുറിയും 12 സെഞ്ചുറിയും രോഹിത് സ്വന്തമാക്കി.