ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതിന് പിന്നാലെയാണ് വിരാട് കോലി ഇന്ത്യൻ സേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ബെംഗളൂരു: ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. തീരുമാനത്തെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ സ്വാഗതം ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ താല്‍പര്യമാണ് വലുതെന്നും ബാക്കിയെല്ലാത്തിനും കാത്തിരിക്കാമെന്നും ടീമുകള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഐപിഎല്ലില്‍ ഇന്നലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെ പകുതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലൊയാണ് ഇന്ന് ടീം ഉടമകളുമായി സംസാരിച്ചശേഷം ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

ഐപിഎല്ലിലെ പ്രമുഖ ടീമുകളായ മുബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയവരെല്ലാം ഇന്ത്യന്‍ സൈന്യത്തെ വാഴ്ത്തിയും ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തും സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി.

ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയും ഇന്ത്യന്‍ സേനയ്ക്ക് പിന്തുണയുമായിട്ട് വന്നിരിക്കുകയാണ്. കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിലില്‍ കുറിച്ചിട്ടതിങ്ങനെ... ''ഈ ദുഷ്‌കരമായ സമയത്ത് രാജ്യത്തെ ശക്തമായി സംരക്ഷിക്കുന്ന നമ്മുടെ സായുധ സേനകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവരെ അഭിവാദ്യം ചെയ്യുന്നു. മഹത്തായ രാജ്യത്തിന് അവരും അവരുടെ കുടുംബങ്ങളും ചെയ്യുന്ന ത്യാഗങ്ങള്‍ക്ക് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു. ജയ് ഹിന്ദ്.'' കോലി കുറിച്ചിട്ടു.

Scroll to load tweet…

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ കളിക്കുന്ന വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും ബിസിസിഐയെ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിര്‍ണായക തീരുമാനമെടുത്തത്. ഐപിഎല്ലില്‍ ഇന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം നടക്കേണ്ടതായിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘര്‍ഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു.