വര്‍ഷങ്ങളായി മുംബൈക്ക് വേണ്ടി ഒരുമിച്ച് കളിച്ചവരാണ് പൃഥ്വി ഷായും ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ കൂടിയായ മുഷീര്‍ ഖാനും.
മുംബൈ: രഞ്ജി ട്രോഫി മത്സരത്തിന് മുന്നോടിയായുള്ള പ്രദര്‍ശന മത്സരത്തില്‍ ഗ്രൗണ്ടില്‍വെച്ച് മുംബൈ താരം മുഷീര്‍ ഖാനോട് വാക് പോരിലേര്‍പ്പെട്ടതിന് മാപ്പു പറഞ്ഞ് മഹാരാഷ്ട്ര താരം പൃഥ്വി ഷാ. ഈ സീസണില്‍ മുംബൈ വിട്ട് മഹാരാഷ്ട്രക്കായി കളിക്കുന്ന പൃഥ്വി ഷാ പ്രദര്‍ശന മത്സരത്തില്‍ 220 പന്തില്‍ 181 റണ്‍സെടുത്ത് മുഷീര്‍ ഖാന്‍റെ പന്തില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഔട്ടായി മടങ്ങുമ്പോള്‍ മുഷീര്‍, പൃഥ്വി ഷായെ നോക്കി എന്തോ പറയുകയും ഇതിന് മറുപടി പറയാനായി പൃഥ്വി ഷാ മുഷീറിന് അടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തിരുന്നു.
ഇതോടെ മുംബൈ താരങ്ങളെല്ലാം മുഷീറിന് ചുറ്റും കൂടി. ഇതോടെ അമ്പയര്‍ ഇടപെട്ട് പൃഥ്വി ഷായെ അനുനയപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. തിരിഞ്ഞു നടന്ന പൃഥ്വി ഷാക്ക് പുറകെ ചെന്ന് മുംബൈ താരം സിദ്ധേശ് ലാഡ് വീണ്ടും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ പൃഥ്വി ഷാ ഒടുവില്‍ മുഷീര്‍ ഖാനോട് മാപ്പു പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മുഷീര്‍ തനിക്ക് ഇളയ സഹോദരനെ പോലെയാണെന്നും തങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും പൃഥ്വി ഷാ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷങ്ങളായി മുംബൈക്ക് വേണ്ടി ഒരുമിച്ച് കളിച്ചവരാണ് പൃഥ്വി ഷായും ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ കൂടിയായ മുഷീര്‍ ഖാനും. മുംബൈ ടീമില്‍ അച്ചടക്കമില്ലായ്മയുടെയും ഫിറ്റ്നെസില്ലായ്മയുടെയും പേരില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടതോടെയാണ് പൃഥ്വി ഷാ ഈ സീസണില്‍ മഹാരാഷ്ട്രക്കായി കളിക്കാന്‍ അനുമതി നേടിയത്. കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് മഹാരാഷ്ട്ര ഇത്തവണ.


