മുംബൈ: ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവാണ് പൃഥ്വി ഷാ നടത്തിയത്. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ അസമിനെതിരെ 39 പന്തില്‍ 63 റണ്‍സാണ് മുംബൈ താരം നേടിയത്. ഇന്നാണ് പൃഥ്വിയുടെ വിലക്ക് അവസാനിച്ചത്. ചുമയ്ക്കുള്ള മരുന്ന് കുടിച്ചതിലൂടെ നിരോധിത മരുന്ന് ശരീരത്തിലെത്തിയതാവാമെന്നായിരുന്നു പൃഥ്വി നല്‍കിയ വിശദീകരണം. വിലക്കിന്റെ കാലാവധി അവസാനിച്ചതോടെ താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയായിരുന്നു.

കൂടുതല്‍ റണ്‍സ് നേടുകയാണ് ലക്ഷ്യമെന്ന് പൃഥ്വി മത്സരം ശേഷം പ്രതികരിച്ചു. താരം പറയുന്നതിങ്ങനെ... ''എന്നെക്കൊണ്ട് കഴിയുന്ന അത്രയും റണ്‍സ് കണ്ടെത്തുകയാണ് ലക്ഷ്യം. പിന്നീടെല്ലാം സെലക്റ്റര്‍മാരുടെ കൈകളിലാണ്. റണ്‍സ് കണ്ടെത്തുക, ടീമിനെ വിജയിപ്പിക്കുക എന്നത് മാത്രമാണ് എന്റെ ജോലി. ഇതുപോലൊരു വിലക്ക് എനിക്ക് നേരിടേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. ആ കാലയളവ് ഏറെ വിഷമമുണ്ടാക്കി.'' പൃഥ്വി പറഞ്ഞുനിര്‍്ത്തി.

അസമിനെതിരായ മത്സരത്തില്‍ പൃഥ്വിയുടെ അര്‍ദ്ധ സെഞ്ചുറിയുടെയും ആദിത്യ താരയുടെ 82 റണ്‍സിന്റെയും പിന്‍ബലത്തില്‍ മുംബൈ 83 റണ്‍സിന്റെ ജയമാണ് നേടിയത്.