മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ എട്ട് മാസത്തെ വിലക്ക് നേരിട്ട പൃഥ്വി ഷായുടെ വമ്പന്‍ തിരിച്ചുവരവ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെതിരെയുള്ള മത്സരത്തിലാണ് കൂറ്റനടികളുമായി പൃഥ്വി തകര്‍ത്തത്. മുംബൈയ്ക്ക് വേണ്ടി ഓപ്പണറായി എത്തിയ ഷാ 39 പന്തില്‍ 63 റണ്‍സാണ് സ്വന്തമാക്കിയത്.

ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഒടുവില്‍ സിക്സറിന് വേണ്ടിയുള്ള ശ്രമത്തിലാണ് താരം പുറത്തായത്. ആദിത്യ താരെയോടൊപ്പം ക്രീസിലെത്തിയ ഷാ 138 റണ്‍സ് നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടിലും പങ്കാളിയായി. ഷായുടെയും താരെയുടെയും മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് മുംബൈ അടിച്ചു കൂട്ടിയത്.

നേരത്തെ, വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തിയതോടെയാണ് വിലക്ക് വന്നത്. വാഡ നിരോധിച്ച മരുന്ന് കൂടിയ അളവില്‍ പൃഥ്വിയുടെ രക്തത്തില്‍ കണ്ടെത്തുകയായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന്റെ മൂത്ര സാംപില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ ഫലത്തിലാണ് നിരോധിച്ച മരുന്ന് കണ്ടെത്തിയത്.  സാംപിള്‍ പരിശോധനയ്ക്ക് അയച്ചത് മുതല്‍ നവംബര്‍ 15 വരെയാണ് താരത്തിന് വിലേക്കേര്‍പ്പെടുത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണറായി പൃഥ്വി ഷാ അരങ്ങേറ്റം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വിന്‍ഡീസിനെതിരെ ആദ്യ മത്സരം കളിച്ച പൃഥ്വി സെഞ്ചുറിയും സ്വന്തമാക്കി. എന്നാല്‍, പിന്നീട് ഓസ്ട്രേലിയന്‍ പരമ്പരയിലേക്ക് ടീമില്‍ വന്നെങ്കിലും സന്നാഹ മത്സരത്തിലെ പരിക്ക് വിനയായി. രോഹിത് ശര്‍മ- മായങ്ക് അഗര്‍വാള്‍ ഓപ്പണിംഗ് സഖ്യം ടെസ്റ്റില്‍ മികവ് പ്രകടിപ്പിക്കുന്നതിനിടയിലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്നുള്ള പ്രതീക്ഷയിലാണ് താരം.