ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ഓപ്പണര്‍ പൃഥ്വി ഷാ നേടിയ ഇരട്ട സെഞ്ചുറിയില്‍ പഴങ്കഥയായത് നിരവധി റെക്കോഡുകള്‍. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ പോണ്ടിച്ചേരിക്കെതിരെയാണ് 21കാരന്‍ ഇരട്ട സെഞ്ചുറി നേടിയത്. 152 പന്തില്‍ അഞ്ച് സിക്‌സും 31 ഫോറും ഉള്‍പ്പെടുന്നതാണ് പൃഥ്വി പുറത്താവാതെ 227 റണ്‍സ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ച സൂര്യകുമാര്‍ യാദവ് 58 പന്തില്‍ 133 മികച്ച പിന്തുണ നല്‍കിയപ്പോള്‍ മുംബൈ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 457 റണ്‍സാണ് മുംബൈ നേടിയത്.

പൃഥ്വിയുടെ റണ്‍മലയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ റെക്കോഡുകളാണ്. പൃഥ്വി സ്വന്തമാക്കിയ ചില റെക്കോഡുകള്‍. വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് പൃഥ്വിയുടെ പേരിലായത്. 2019ല്‍ സഞ്ജു സാംസണ്‍ ഗോവയ്‌ക്കെതിരെ പുറത്താവാതെ നേടിയ 212 റണ്‍സാണ് താരം മറികടന്നത്. സഞ്ജു 129 പന്തുകള്‍ മാത്രമെടുത്താണ് ഇത്രയും അടിച്ചെടുത്തത്. എന്നാല്‍ പൃഥ്വിക്ക് 227 റണ്‍സ് നേടാന്‍ 152 പന്തുകള്‍ വേണ്ടിവന്നു. ലിസ്റ്റ് എ ക്രി്ക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 

ലിസ്റ്റ് എ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയിലും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന താരമായി പൃഥ്വി. സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് പൃഥ്വി ഇന്ന് ക്യാപ്റ്റനായത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കുന് ഏഴാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പൃഥ്വി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, കെ വി കൗശല്‍, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് മറ്റുള്ള താരങ്ങള്‍.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് മുംബൈ അടിച്ചെടുത്തത്. ഈ സീസണില്‍ ജാര്‍ഖണ്ഡ്, മധ്യപ്രദേശിനെതിരെ നേടിയ ഒമ്പതിന് 422 എന്ന സ്‌കോറാണ് പഴങ്കഥയായത്. ഒന്നാകെ, ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറാണിത്. ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറിയാണ് പൃഥ്വിയുടേത്. മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. നേരത്തെ ഡല്‍ഹിക്കെതിരേയും സെഞ്ചുറി നേടിയിരുന്നു. അന്ന് 89 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് സ്വന്തമാക്കിയത്. മഹാരാഷ്ട്രയ്‌ക്കെതിരായ മറ്റൊരു മത്സരത്തില്‍ 34 റണ്‍സും താരം നേടി. 

നേരത്തെ, മോശം പ്രകടനത്തെ തുടര്‍ന്ന് പൃഥ്വിയെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ അംഗമായിരുന്നുവെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന പകല്‍- രാത്രി ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും താരത്തിന് രണ്ടക്കം കാണാന്‍ കഴിഞ്ഞിരുന്നില്ല. സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ താരത്തെ വിമിര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ പൃഥ്വിക്ക് പകരം ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കി. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഗില്‍ ഇപ്പോഴും ടീമിനൊപ്പമുണ്ട്.