ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ കളിക്കുന്ന കാര്യം സംശയത്തില്‍. ഇടംകാലിന് നീര്‍ക്കെട്ടുള്ള ഷാ ഇന്ന് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. കാലിലെ നീരിന്‍റെ കാരണമറിയാന്‍ ഷായുടെ രക്തപരിശോധന നടത്തുമെന്നാണ് സൂചനയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു. 

പൃഥ്വി ഷാ കളിക്കുമോ എന്ന കാര്യത്തില്‍ വെള്ളിയാഴ്‌ച തീരുമാനമറിയാം. ഷായ്‌ക്ക് മത്സരം നഷ്‌ടമായാല്‍ യുവതാരം ശുഭ്‌മാന്‍ ഗില്ലാകും മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക. അങ്ങനെയെങ്കില്‍ അത് ഗില്ലിന് ടെസ്റ്റ് അരങ്ങേറ്റമാകും. ഇന്നത്തെ നെറ്റ് സെഷനില്‍ ഗില്‍ ഏറെ നേരം പരിശീലനം നടത്തി. ഫൂട്ട്‌വര്‍ക്ക് ഉള്‍പ്പടെയുള്ള സാങ്കേതിക കാര്യങ്ങളില്‍ ഗില്ലിന് നിര്‍ദേശങ്ങള്‍ നല്‍കി പരിശീലകന്‍ രവി ശാസ്‌ത്രി ഒപ്പമുണ്ടായിരുന്നു. 

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓപ്പണറായി പൃഥ്വി ഷാ തുടരുമെന്ന സൂചന ഇന്ത്യന്‍ നായകന്‍ വിരാട് കോലി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി 30 റണ്‍സ് മാത്രമെടുത്ത ഷാ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. യുവതാരത്തിന് ഓപ്പണര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യമായ സമയവും ആത്മവിശ്വാസവും നല്‍കുമെന്ന് കോലി വ്യക്തമാക്കിയതിന് പിന്നാലെയാണ് താരത്തിന്‍റെ പരിക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. 

ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ശനിയാഴ്‌ചയാണ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. വെല്ലിംഗ്‌ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന് ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു.